ഉത്പാദന ലക്ഷ്യം കൈവരിച്ച് ബാരാപോൾ
1461306
Tuesday, October 15, 2024 7:10 AM IST
ഇരിട്ടി: ഇത്തവണ പ്രതീക്ഷിച്ചതിലും മുന്പ് തന്നെ ഉത്പാദന ലക്ഷ്യമായ 36 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ച് ബാരാപോൾ മിനി ജലവൈദ്യുത നിലയം. കഴിഞ്ഞദിവസം രാത്രിയോടെയാണ് ഉത്പാദന ലക്ഷ്യം മറികടന്നത്. മഴ കുറഞ്ഞതോടെ രണ്ട് ജനറേറ്ററുകൾ മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ലക്ഷ്യം മറികടന്നതോടെ ഇത്തവണ ഉത്പാദനം 40 ദശലക്ഷം യൂണിറ്റ് മറികടക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
തുലാവർഷം ഉൾപ്പെടെ ലഭിക്കാനുള്ളതിനാൽ 40 ദശലക്ഷം യൂണിറ്റ് മറികടക്കാൻ കഴിയുമെന്നതാണ് പൊതുവെ ലഭിക്കുന്ന വിലയിരുത്തൽ. കേരളത്തിലെ ലാഭകരമായി പ്രവർത്തിക്കുന്ന വൈദ്യുത നിലയങ്ങളിൽ ഒന്നാണ് ബാരാപോൾ. കാലാവസ്ഥ വ്യതിയാനം മൂലം കഴിഞ്ഞവർഷം 35.07 ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമായിരുന്നു ഉത്പാദിപ്പിച്ചത്. ബാരാപോളിൽ നിന്നുള്ള സോളാർ വൈദ്യുതി ഉത്പാദനം മെച്ചപ്പെട്ട നിലയിലാണ്. സോളാർ സീസൺ ആരംഭിച്ച് ഇതുവരെ 2.89 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഇവിടെ ഉത്പാദിപ്പിച്ചു കഴിഞ്ഞു. മികച്ച രീതിയിലുള്ള സോളാർ വൈദ്യുതി ഉത്പാദനത്തിന് പിന്നിൽ സോളാർ യൂണിറ്റുകളുടെ കൃത്യമായ പരിപാലനമാണ് .
ബാരാപോൾ ചെറുകിട വൈദ്യുതനിലയത്തിന് മാവോയിസ്റ്റ് ഭീഷണി നിലനിന്നിരുന്ന സാഹചര്യത്തിൽ നിലയത്തിനുള്ള സുരക്ഷ വർധിപ്പിക്കാൻ പോലീസ് നിർദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി നിരീക്ഷണ കാമറയും സുരക്ഷ ഗേറ്റും സ്ഥാപിച്ചിരുന്നു. സുരക്ഷയുടെ ഭാഗമായി നിലയത്തിൽ രാത്രികാലങ്ങളിൽ സുരക്ഷ ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുകയാണ്.