ദീപിക കളർ ഇന്ത്യ ചിത്രരചനാ മത്സര വിജയികൾക്ക് സമ്മാനദാനം നടത്തി
1513598
Thursday, February 13, 2025 1:16 AM IST
കണ്ണൂർ: ദീപിക കളർ ഇന്ത്യ ചിത്രരചനാ മത്സരത്തിൽ കണ്ണൂർ-കാസർഗോഡ് ജില്ലാതല മത്സരവിജയികൾക്കുള്ള സമ്മാനദാനം നടത്തി. പയ്യാന്പലം ഉർസുലൈൻ സീനിയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങ് പ്രശസ്ത ചിത്രകാരനും കേരള ലളിതകലാ അക്കാദമി വൈസ് ചെയർമാനുമായ എബി എൻ. ജോസഫ് ഉദ്ഘാടനം ചെയ്തു. കുട്ടികളിൽ ദേശീയത വളർത്തുവാൻ ദീപിക നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. കലയിലൂടെ വിദ്യാർഥികളിൽ പുതിയൊരു ഇന്ത്യയെ സ്വപ്നം കാണുവാനും അതിലേക്ക് എത്തിപ്പിടിക്കാൻ അവരെ പ്രാപ്തരാക്കുവാനും ഇത്തരം പ്രവർത്തനങ്ങൾ സഹായകരമാകുമെന്നും എബി എൻ. ജോസഫ് പറഞ്ഞു.
ദീപിക കണ്ണൂർ റസിഡന്റ് മാനേജർ ഫാ. ജോബിൻ വലിയപറന്പിൽ അധ്യക്ഷത വഹിച്ചു. മത്സരവിജയികൾക്കുള്ള സമ്മാനദാനം കണ്ണൂർ അഡീഷണൽ എസ്പി കെ.വി. വേണുഗോപാൽ നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അർച്ചന യുഎംഐ ആശംസാപ്രസംഗം നടത്തി. കണ്ണൂർ ദീപിക സീനിയർ സർക്കുലേഷൻ മാനേജർ ജോർജ് തയ്യിൽ സ്വാഗതവും സർക്കുലേഷൻ ഏരിയാ മാനേജർ ബാബു പതിപ്പള്ളിൽ നന്ദിയും പറഞ്ഞു. കളർ ഇന്ത്യ മത്സരത്തിൽ ഏറ്റവും അധികം കുട്ടികളെ പങ്കെടുപ്പിച്ച സ്കൂളിനുള്ള പുരസ്കാരം മേരിഗിരി സീനിയർ സെക്കൻഡറി സ്കൂളിന് സമ്മാനിച്ചു.