ജില്ലയിലെ ആരോഗ്യ വകുപ്പിലെ ഒഴിവുകൾ അടിയന്തരമായി നികത്തണം: കെജിഎംഒഎ
1514244
Saturday, February 15, 2025 1:51 AM IST
കണ്ണൂർ: ജില്ലയിലെ ആരോഗ്യവകുപ്പിൽ ഡോക്ടർമാരുടെ ഉൾപ്പെടെയുള്ള ഒഴിവുകൾ അടിയന്തരമായി നികത്തണമെന്ന് കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
ആകെ 521 ഡോക്ടർമാരുടെ തസ്തിക മാത്രം നിലനിൽക്കുന്ന കണ്ണൂർ ജില്ലയിൽ 80 ൽ പരം ഒഴിവുകൾ നിലനിൽക്കുന്നത് ജില്ലയിലെ ആരോഗ്യ സംവിധാനങ്ങളെ കാര്യമായി ബാധിക്കുന്നുണ്ട്. ഇതു നിലവിൽ നടന്നു കൊണ്ടിരിക്കുന്ന നൂറുദിന ടിബി കർമ പരിപാടി, ആരോഗ്യം അനന്ദം-കാൻസർ സ്ക്രീനിംഗ് പോലെയുള്ള പ്രധാന പ്രോജക്ടുകൾ സുഖമായി നടപ്പിലാക്കുന്നതിനെ ബാധിക്കുന്നു. ആയതിനാൽ സർക്കാരിന്റെ അടിയന്തര ശ്രദ്ധ ഈ വിഷയത്തിൽ പതിയണമെന്ന് കെജിഎംഒഎ ജില്ലാഘടകം ശക്തമായി ആവശ്യപ്പെട്ടു.
കണ്ണൂർ ബിനാലെ ഹോട്ടലിൽ നടന്ന പുതിയ ജില്ലാ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിൽ 2025 വർഷത്തേക്കുള്ള പുതിയ ജില്ല ഭാരവാഹികൾ സ്ഥാനം ഏറ്റെടുത്തു. ഡോ. വി.എസ്. ജിധിൻ (തലശേരി ജനറൽ ആശുപത്രി) പ്രസിഡന്റും ഡോ. രഞ്ജിത്ത് മാത്യു (പിഎച്ച്സി അങ്ങാടിക്കടവ് )സെക്രട്ടറിയും ഡോ. സജ്ന നാരായണൻ (താലൂക്ക് ആശുപത്രി കൂത്തുപറമ്പ്) ട്രഷററായും ആണ് സ്ഥാനം ഏറ്റെടുത്തത്.
ചടങ്ങിൽ കെജിഎംഒഎ മാനേജിംഗ് എഡിറ്റർ ഡോ. സി.പി. ബിജോയ്, ഐഎംഎ കേരള സെക്രട്ടറി ഡോ. കെ. ശശിധരൻ, നോർത്ത് സോൺ വൈസ് പ്രസിഡന്റ് ഡോ. ഒ.ടി. രാജേഷ്, മുൻ ജില്ലാ പ്രസിഡന്റ് ഡോ. എ.പി. അനീഷ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ ജില്ലയിൽ കഴിഞ്ഞ വർഷം സർവീസിൽ നിന്ന് വിരമിച്ച ഡോക്ടർമാരെ ആദരിച്ചു.