ബസിൽ കടത്തിയ 205 പവൻ പിടികൂടി
1586010
Saturday, August 23, 2025 6:25 AM IST
പരവൂർ: എക്സൈസ് സംഘവും ഡോഗ് സ്ക്വാഡും നടത്തിയ പരിശോധനയിൽ ബസ് യാത്രക്കാരനിൽ നിന്ന് രേഖകൾ ഇല്ലാതെ കടത്തിയ 205 പവൻ സ്വർണം പിടികൂടി. ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി ഇന്നലെ രാവിലെ അന്തർ സംസ്ഥാന ബസുകളിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.
കാവനാട് കപ്പിത്താൻ ജംഗ്ഷനിൽ നടത്തിയ പരിശോധനയിലാണ് തൃശൂർ നെന്മേനി സ്വദേശി ഹരിദാസനിൽ നിന്ന് 1641.61 ഗ്രാം (205.2 പവൻ) സ്വർണം പിടികൂടിയത്. ഇയാളെ പിന്നീട് ജിഎസ്ടി വകുപ്പിന് കൈമാറി.
മറ്റൊരു ബസിൽ പരിശോധന നടത്തിയപ്പോൾ കണ്ണൂർ സ്വദേശി അഭിഷേക് എന്ന യാത്രക്കാരനിൽ നിന്ന് കേരളത്തിൽ വിൽപ്പന അവകാശം ഇല്ലാത്ത 11 ലിറ്റർ വിദേശമദ്യവും പിടികൂടി. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊല്ലം എക്സൈസ് സിഐ എം. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്.
എക്സൈസ് ഇൻസ്പെക്ടർ ആർ. രഞ്ജിത്ത്, പ്രിവന്റീവ് ഓഫീസർമാരായ എസ്.ആർ. ഷെറിൻ രാജ്, സതീഷ് ചന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീനാഥ്, ശ്യാം കുമാർ, ഗോകുൽ, ഷെഫീഖ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ട്രീസ, ഡ്രൈവർ വിശ്വനാഥൻ എന്നിവർ പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.