മോഷണ ആരോപണം : അച്ഛനെ ഒരിക്കൽ കൂടി കേൾക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
1586012
Saturday, August 23, 2025 6:25 AM IST
കൊല്ലം : മകനെതിരെ അച്ഛൻ നൽകിയ പരാതിയിൽ അച്ഛന്റെ ഭാഗം ഒരിക്കൽകൂടി കേട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ചാത്തന്നൂർ എസിപിക്ക് മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത നിർദേശം നൽകി.
തന്റെ കടയിൽ നിന്നും മകൻ മോഷണം നടത്തിയെന്നാരോപിച്ച് പോലീസിൽ പരാതി നൽകിയിട്ടും ഫലപ്രദമായ നടപടി സ്വീകരിച്ചില്ലെന്നും മകനെ ഭയന്നാണ് താൻ വീട്ടിൽ താമസിക്കുന്നതെന്നും നെടുങ്ങോലം സ്വദേശി പരാതിയിൽ പറഞ്ഞു.
എന്നാൽ പരാതിക്കാരനും മകനും തമ്മിൽ ഇപ്പോൾ പ്രശ്നങ്ങളൊന്നുമില്ലെന്നും സ്വരചേർച്ചയിലാണ് കഴിയുന്നതെന്നും ചാത്തന്നൂർ എസിപി കമ്മീഷനെ അറിയിച്ചു. എന്നാൽ പോലീസ് റിപ്പോർട്ട് ശരിയല്ലെന്ന് പരാതിക്കാരൻ വാദിച്ചു. തുടർന്ന് പരാതിക്കാരനെ കമ്മീഷൻ കേട്ടു. അച്ഛനും മകനും തമ്മിലുള്ള പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന സദുദ്ദേശ്യമാണ് എസിപി യുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് കമ്മീഷൻ നിരീക്ഷിച്ചു.
എന്നാൽ താനും മകനും ഒരേ വീട്ടിലാണ് താമസിക്കുന്നതെന്നും മകൻ വിചാരണ നേരിടുന്ന പ്രതിയാണെന്നും ഏതു നിമിഷവും മകന്റെ ഭാഗത്ത് നിന്നും ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പിതാവ് കമ്മീഷനെ അറിയിച്ചു. ഇക്കാര്യം പരിശോധിക്കണമെന്ന് കമ്മീഷൻ നിർദേശിച്ചു.