ചെണ്ടുമല്ലിയെൻ ഹൃദയമല്ലി
1586214
Sunday, August 24, 2025 6:26 AM IST
പി. സനില്‍കുമാര്‍
അഞ്ചല്‍ : വീടുകളില്‍ നിന്നുള്ള പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം ശേഖരിക്കുക മാത്രമല്ല അലയമണ്‍ പഞ്ചായത്തിലെ ഹരിതകര്‍മസേനാ പ്രവര്‍ത്തകര്‍ ചെയ്യുന്നത്. മനം കുളിര്‍ക്കും വിധം മഞ്ഞയും ചുവപ്പും നിറത്തിലുള്ള പൂപ്പാടവും ഒരുക്കാന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണിവര്‍. പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു സൂക്ഷിക്കുന്ന ചണ്ണപ്പേട്ട മാര്‍ക്കറ്റിന് സമീപം എംസിഎഫിനോടു ചേര്‍ന്നുള്ള തരിശ് ഭൂമിയില്‍ ചെണ്ടുമല്ലി കൃഷിയിറക്കി ഇപ്പോള്‍ വിളവെടുപ്പ് പാകമായി പൂത്തുലഞ്ഞു നില്‍ക്കുകയാണ്.
പൂക്കളുടെ ക്ഷാമം പരിഹരിക്കുകയും വരുമാനം നേടുകയും മാത്രമല്ല ഇവരുടെ ലക്ഷ്യം. ഒപ്പം മാനസികമായ ഉല്ലാസം കൂടി പൂക്കൃഷിയിലൂടെ ഇവര്‍ നേടുന്നു. കഴിഞ്ഞ വര്‍ഷവും പൂക്കൃഷി നടത്തി നൂറുമേനി ലഭിച്ചതോടെയാണ് ഇക്കൊല്ലവും കൃഷി നടത്താന്‍ ഇവര്‍ രംഗത്തിറങ്ങിയത്. 28 പേര് അടങ്ങുന്ന ഹരിതകര്‍മ സേനയില്‍ ഓരോ ദിവസം ഓരോ സംഘങ്ങളായി തിരിഞ്ഞാണ് പൂക്കൃഷി പരിപാലനം. ഒരുമനസോടെയാണ് പൂക്കൃഷി നടത്തുന്നതെന്ന് ഇവര്‍ പറയുന്നു.
എംസിഎഫ്, സര്‍ക്കാര്‍ ആശുപത്രി, സ്കൂള്‍ ഉള്‍പ്പടെ മൂന്നിടങ്ങളില്‍ ഇക്കുറി ചെണ്ടുമല്ലി കൃഷി നടത്തിയിട്ടുണ്ട്. കൂടാതെ ആനക്കുളം സ്കൂള്‍ പരിസരത്ത് പച്ചക്കറി കൃഷിയും ചെയ്തിട്ടുണ്ട്. പൂര്‍ണസഹകരണവും സഹായവും നല്കി പഞ്ചായയത്തിലെ ജനപ്രതിനിധികളും ഹരിതകര്‍മസേനയുടെ ചുമതലയുള്ള ഉദ്യോഗസ്ഥരും കൃഷി വകുപ്പും ഒപ്പമുണ്ട്.
ഓണത്തിന് അത്തം മുതല്‍ പത്തുനാള്‍ അത്തപ്പൂക്കളം ഇടാന്‍ പൂവിനായി നെട്ടോട്ടമോടുന്നവര്‍ക്ക് ഇവിടെയെത്തി കുറഞ്ഞ വിലയ്ക്ക് പൂക്കള്‍ വാങ്ങാന്‍ കഴിയും. പൂക്കളുടെ വിളവെടുപ്പ് ഉത്സവമാക്കി തീര്‍ക്കാനുള്ള ഒരുക്കത്തിലാണ് പഞ്ചായത്തും ഹരിതകര്‍മസേനയും. പൂക്കൃഷി ഇറക്കി നൂറുമേനി വിളവും നേടി. ഇനി ഇത് വിജയിപ്പിക്കേണ്ടത് നാട്ടുകാരുടെ കൂടി ഉത്തരവാദിത്തമാണെന്ന് ഇവര്‍ ഓര്‍മിപ്പിക്കുന്നു.
മലയാളികള്‍ക്ക് അത്തപ്പൂക്കളം ഒരുക്കാനുള്ള പൂക്കള്‍ കൂടുതലായും എത്തുന്നത് തമിഴ്നാട്ടില്‍ നിന്നാണ്. ഇതിന് ഒരു പരിധിവരെയെങ്കിലും പരിഹാരം എന്ന നിലയിലാണ് പഞ്ചായത്തുകള്‍ പൂക്കളില്‍ രാജാവായ ചെണ്ടുമല്ലി അഥവാ ജമന്തി പൂക്കളുടെ കൃഷി പ്രോത്സാഹിപ്പിച്ചത്. ഈ പ്രോത്സാഹനമാണ് ഈ ഹരിതകര്‍മ കൂട്ടായ്മയെ പൂക്കൃഷിയില്‍ ഇത്രത്തോളം എത്തിച്ചത്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഇടങ്ങളില്‍ വ്യത്യസ്ത ങ്ങളായ പൂക്കൃഷി നടത്താനാണ് കൂട്ടായ്മയുടെ ലക്ഷ്യം.