ഓണക്കാലത്ത് ലഹരിവ്യാപനം തടയാന്‍ സംയുക്ത പരിശോധന
1586020
Saturday, August 23, 2025 6:37 AM IST
കൊല്ലം: ഓണക്കാലത്ത് വ്യാജമദ്യം, മയക്കുമരുന്ന്, ഇതര ലഹരിവസ്തുക്കള്‍ എന്നിവയുടെ ഉപഭോഗവും വിപണനവും തടയുന്നതിനു വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കര്‍ശനപരിശോധന നടത്താൻ ജില്ലാഭരണകൂടം തീരുമാനിച്ചു. ജില്ലാകളക്ടർ എന്‍. ദേവിദാസിന്റെ അധ്യക്ഷതയിൽ ചേര്‍ന്ന വകുപ്പ്തല സംയുക്തയോഗത്തിലാണ് തീരുമാനം. പൊതുവിപണിയില്‍ വിലക്കയറ്റം തടയുന്നതിനും അളവ്-തൂക്ക തട്ടിപ്പിനെതിരെ നടപടി സ്വീകരിക്കുന്നതിനും ഭക്ഷ്യസുരക്ഷവകുപ്പിനെ ചുമതലപ്പെടുത്തി. ക്രമസമാധാനപാലനം പോലീസ് ഉറപ്പാക്കണം.
പോലീസ്, എക്സൈസ്, റവന്യൂ, വനം, ഭക്ഷ്യസുരക്ഷ, പൊതുവിതരണം, ലീഗല്‍ മെട്രോളജി വകുപ്പുകളാണ് സംയുക്തപരിശോധനകള്‍ നടത്തുക. ലഹരി ഉപയോഗം തടയാന്‍ 24 മണിക്കൂറും താലൂക്ക്തല കണ്ട്രോള് റൂമും സ്ട്രൈക്കിംഗ് ഫോഴ്സ് യൂണിറ്റുമുണ്ട്. സെപ്റ്റംബര്‍ എട്ടുവരെയാണ് എക്സൈസ് വകുപ്പിന്റെ പ്രത്യേക പരിശോധന.
അന്തര്‍സംസ്ഥാന വാഹനപരിശോധന പോലീസ്, വനം, എക്സൈസ് വകുപ്പുകള്‍ സംയുക്തമായി നടത്തിവരുന്നു. ആര്യങ്കാവ്, അച്ചന്‍കോവില്‍ ചെക്ക്പോസ്റ്റുകളിലും നിരന്തരപരിശോധന തുടരും. രാത്രികാല പട്രോളിംഗ് ശക്തമാക്കും. പട്ടികവര്‍ഗ-വനമേഖലകള്‍ കേന്ദ്രീകരിച്ചു റെയ്ഡുകള്‍, വനസംരക്ഷണ സമിതിയുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളും നടത്തും.
ആയുര്വേദകടകള്, കൊറിയര്‍/പാര്‍സല്‍ വിതരണകേന്ദ്രങ്ങള്‍, രാത്രി വൈകിപ്രവര്ത്തിക്കുന്ന തട്ടുകടകള്‍, തെരുവോര കച്ചവടസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും റെയ്ഡുകള്‍ നടത്തും. സ്കൂളുകള്‍, കോളജുകള്‍, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഓണാഘോഷം പ്രത്യേകം നിരീക്ഷിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചു ബോധവത്ക്കരണം കൂടുതല്‍ ശക്തിപ്പെടുത്തും.
അളവ്-തൂക്കത്തിലെ വെട്ടിപ്പിനു പിഴ ഈടാക്കും. ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കല്‍, പഴകിയ ഭക്ഷണസാധനങ്ങളുടെ വില്‍പ്പന തുടങ്ങിയവ അനുവദിക്കില്ല.
കൊല്ലം, അഴീക്കല്‍, പരവൂര്‍ തെക്കുംഭാഗം ബീച്ചുകളില്‍ ഉത്സവകാല തിരക്കു നിയന്ത്രിക്കുന്നതിന് പ്രത്യേക സംവിധാനമുണ്ടാകും. ഓണ അവധിദിവസങ്ങളില്‍ അധിക ലൈഫ് ഗാര്‍ഡുമാരെ നിയോഗിക്കാന്‍ ഡിടിപിസിക്കു നിര്‍ദ്ദേശം നല്കി. മണ്‍ട്രോതുരുത്ത്, അഷ്ടമുടി, പരവൂര്‍ കായല്‍, സാമ്പ്രാണികോടി വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ജനത്തിരക്ക് കണക്കിലെടുത്ത് ലൈഫ് ജാക്കറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷ മുന്‍കരുതലുകള്‍ ഉറപ്പാക്കണം.
അനധികൃത പാർക്കിംഗ്
അനധികൃത പാര്‍ക്കിംഗ്, റോഡ് കൈയേറിയുള്ള വഴിയോരക്കച്ചവടം, മറ്റു ഗതാഗതലംഘനങ്ങള്‍ തുടങ്ങിയവ മോട്ടോര്‍ വാഹന വകുപ്പ് പരിശോധിക്കും. തിരക്ക് കൂടുതലുള്ള സ്ഥാപനങ്ങളില്‍ സുരക്ഷാ ഉപകരണങ്ങള്‍ ഉറപ്പാക്കുന്നതിന് അഗ്നിരക്ഷാ സുരക്ഷ വകുപ്പിനെ ചുമതലപ്പെടുത്തി. ടെക്സ്റ്റൈല്‍സ് ഗോഡൗണുകള്‍, വെയര്‍ഹൗസുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തും. ഉപയോഗരഹിതമായ തെരുവുവിളക്കുകള്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിന് തദ്ദേശസ്വയംഭരണം വകുപ്പ് നടപടി സ്വീകരിക്കണം.
അവധി ദിനങ്ങളുടെമറവില് മണ്ണ്, മണല്‍ക്കടത്ത്, അനധികൃത ക്വാറി പ്രവര്‍ത്തനം തടയുന്നതിന് താലൂക്ക് തലത്തില്‍ റവന്യൂ വകുപ്പിന്റെ പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിച്ച് പരിശോധിക്കും. ഉത്സവ സീസണ് പ്രമാണിച്ച് മറ്റു വകുപ്പുകളുമായി ചേര്‍ന്നുള്ള എന്‍ഫോഴ്സ്മെന്റ് സ്ക്വാഡുകള്‍ രൂപീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തഹസില്‍ദാര്‍മാര്‍ നേതൃത്വം നല്‍കും.
റവന്യൂ ഡിവിഷണല്‍ ഓഫീസര്‍മാര്‍ക്കാണ് സംയുക്തപരിശോധനയുടെ മേല്‍നോട്ട ചുമതല. യോഗത്തില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.