മരുന്നുകള്‍ ഓണ്‍ലൈനിലൂടെ വിതരണം ചെയ്യൽ : വിജ്ഞാപനം പിന്‍വലിക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്കന് സബ് കമ്മിറ്റി
1586015
Saturday, August 23, 2025 6:25 AM IST
കൊല്ലം : മരുന്നുകള്‍ ഓണ്‍ലൈനിലൂടെ വിതരണം ചെയ്യുന്നത് (ഇ-ഫാര്‍മസി) സംബന്ധിച്ച് പുറപ്പെടുവിച്ചിട്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡ്രഗ് ടെക്നിക്കല്‍ അഡ്വൈസറി ബോര്‍ഡ് സബ് കമ്മിറ്റിയെ നിയമിച്ചിട്ടുണ്ടെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപി അറിയിച്ചു.
ഓണ്‍ലൈന്‍ മരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് 12.5 ലക്ഷത്തോളം വരുന്ന മരുന്ന് വ്യാപാരികളുടെ ഉപജീവനത്തെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപി, കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
ഓള് കേരള കെമിസ്റ്റ്സ് ആന്റ് ഡ്രഗിസ്റ്റ്സ് അസോസിയേഷന്റെ ആവശ്യപ്രകാരമാണ് വിഷയം മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. ഇ-ഫാര്‍മസിയുടെ പേരില്‍ സര്‍ക്കാര്‍ ഉത്തരവിന്റെ മറവില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമായി തന്നെ മന്ത്രിയെ ബോധ്യപ്പെടുത്തി.
വിഷയം സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്റേര്‍ഡ് കണ്ട്രോള് ഓര്‍ഗനൈസേഷനുമായി ചേര്‍ന്ന് പരിശോധനയ്ക്ക് വിധേയമാക്കി. കഴിഞ്ഞ ടെക്നിക്കല്‍ അഡ്വൈസറി ബോര്‍ഡ് യോഗത്തില്‍ സര്‍ക്കാര്‍ വിജ്ഞാപനം പിന്‍വലിക്കുന്നത് സംബന്ധിച്ച് വിശദമായി ചര്‍ച്ച നടത്തിയതായി മന്ത്രി ജഗത് പ്രകാശ് നഡ്ഡ എംപി യെ രേഖാമൂലം അറിയിച്ചു.
ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ വിജ്ഞാപനം പിന്‍വലിക്കുന്നത് സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്കുവാന് പ്രത്യേക സബ് കമ്മിറ്റി രൂപീകരിച്ചതായും മന്ത്രി രേഖാമൂലം എന്‍.കെ. പ്രേമചന്ദ്രന് എംപി യെ അറിയിച്ചു.