കൊ​ല്ലം: പ്ര​ധാ​ന ടി​ക്ക​റ്റ് ഇ​ത​ര വ​രു​മാ​ന​മാ​ര്‍​ഗ​മാ​യി മാ​റി​യ കെഎ​സ്ആ​ര്‍ടിസി​യു​ടെ കൊ​റി​യ​ര്‍ സ​ര്‍​വീ​സ് ജി​ല്ല​യി​ല്‍ വി​ജ​യ​ത്തി​ലേ​ക്ക്. ഒ​പ്പം ബ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ ഷോ​പ്പു​ക​ള്‍ ലീ​സി​നു ന​ല്‍​കി​യും ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍ പോ​ലു​ള്ള പു​തി​യ സം​രം​ഭ​ങ്ങ​ളും സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍ ഡി​പ്പോ​യി​ല്‍ ന​ട​ത്തു​ന്ന ബ്രാ​ന്‍​ഡിം​ഗ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പ​ക​ര​മാ​യി അ​വ​രെ ഡി​പ്പോ​യി​ലെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​ക്കി​യും വ​രു​മാ​ന​ത്തി​ല്‍ മി​ക​ച്ച കു​തി​പ്പ് ജി​ല്ല​യി​ല്‍ ന​ട​ത്താ​ന്‍ കെഎ​സ്ആ​ര്‍ടിസി​ക്കാ​യി.

ര​ണ്ടു​വ​ര്‍​ഷം മു​ന്‍​പാ​ണ് ജി​ല്ല​യി​ല്‍ കൊ​റി​യ​ര്‍ സേ​വ​നം ആ​രം​ഭി​ച്ച​ത്. പ്ര​തി​മാ​സം ഒ​മ്പ​ത് ല​ക്ഷം രൂ​പ​യോ​ളം വ​രു​മാ​നം ഇ​തി​ലൂ​ടെ കെഎ​സ്ആ​ര്‍ടിസി​ക്ക് ല​ഭി​ക്കു​ന്നു​ണ്ട്. നി​ല​വി​ല്‍ കൊ​ല്ലം, കൊ​ട്ടാ​ര​ക്ക​ര, പു​ന​ലൂ​ര്‍, ക​രു​നാ​ഗ​പ്പ​ള്ളി ഡി​പ്പോ​ക​ളി​ലാ​ണ് കൊ​റി​യ​ര്‍ സേ​വ​നം ല​ഭ്യ​മാ​യി​ട്ടു​ള്ള​ത്. കൊ​ല്ലം ഡി​പ്പോ​യി​ല്‍ നി​ന്ന് പ്ര​തി​ദി​നം 15,000 രൂ​പ വ​രെ​യും ബാ​ക്കി ഡി​പ്പോ​ക​ളി​ല്‍ 5,000 രൂ​പ വ​രെ​യു​മാ​ണ് വ​രു​മാ​നം. 15 കി​ലോ വീ​ത​മാ​ണ് പ​ര​മാ​വ​ധി ഒ​രു പെ​ട്ടി​യി​ല്‍ ഉ​ള്‍​ക്കൊ​ള്ളി​ക്കു​ന്ന ഭാ​രം. ചെ​റി​യ ക​വ​ര്‍ മു​ത​ല്‍ ഒ​രു കി​ലോ വ​രെ​യു​ള്ള​ത് കൊ​റി​യ​ര്‍ സ​ര്‍​വീ​സി​ലും ഒ​രു കി​ലോ മു​ത​ല്‍ 120 കി​ലോ​വ​രെ പാ​ഴ്സ​ലാ​യി​ട്ടു​മാ​ണ് അ​യ​ക്കാ​ന്‍ ക​ഴി​യു​ക.

വ​സ്തു​വി​ന്‍റെ ഭാ​ര​വും ദൂ​ര​വും ക​ണ​ക്കാ​ക്കി വ്യ​ത്യ​സ്ത സ്ലാ​ബു​ക​ളി​ലാ​ണ് പാ​ര്‍​സ​ല്‍ - കൊ​റി​യ​ര്‍ നി​ര​ക്ക് നി​ര്‍​ണ​യി​ക്കു​ന്ന​ത്. 30 രൂ​പ മു​ത​ല്‍ 245 രൂ​പ വ​രെ​യാ​ണ് കൊ​റി​യ​ര്‍ സ​ര്‍​വീ​സി​ല്‍ ഈ​ടാ​ക്കു​ന്ന​ത്. അ​ഞ്ചു​കി​ലോ​വ​രെ ഭാ​ര​മു​ള്ള വ​സ്തു​ക്ക​ള്‍ 200 കി​ലോ​മീ​റ്റ​റി​നു​ള്ളി​ല്‍ പാ​ര്‍​സ​ല്‍ അ​യ​ക്കാ​ന്‍ 110 രൂ​പ​യും, 800 കി​ലോ​മീ​റ്റ​റി​നു 430 രൂ​പ​യു​മാ​ണ്. 105 മു​ത​ല്‍ 120 കി​ലോ വ​രെ​യു​ള്ള സാ​ധ​ന​ങ്ങ​ള്‍ അ​യ​ക്കാ​ന്‍ 200 കി​ലോ​മീ​റ്റ​റി​നു​ള്ളി​ല്‍ 619.20 രൂ​പ​യും 800 കി​ലോ​മീ​റ്റ​റി​നു 2491.20 രൂ​പ​യു​മാ​ണ് ചാ​ർ​ജ്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള സാ​ധ​ന​ങ്ങ​ള്‍, വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് കൂ​ടു​ത​ലും കൊ​റി​യ​ര്‍ സേ​വ​ന​ത്തി​ലൂ​ടെ അ​യ​ക്കു​ന്ന​തെ​ന്ന് മാ​ര്‍​ക്ക​റ്റിം​ഗ് എ​ക്സി​ക്യൂ​ട്ടീ​വ് അ​രു​ണ്‍ പ​റ​ഞ്ഞു.

മ​റ്റൊ​രു ടി​ക്ക​റ്റ് ഇ​ത​ര വ​രു​മാ​ന പ​ദ്ധ​തി​യാ​യ ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍ ആ​രം​ഭി​ച്ച​ത് ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ്. ച​ട​യ​മം​ഗ​ലം ഡി​പ്പോ​യി​ലാ​ണ് പ്ര​വ​ര്‍​ത്ത​നം. ഇ​തു​വ​രെ 59 പേ​ര്‍ ഇ​വി​ടു​ത്തെ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ ഭാ​ര​വാ​ഹ​ന​ങ്ങ​ളു​ടെ ലൈ​സ​ന്‍​സ് പ​രീ​ക്ഷ വി​ജ​യി​ച്ചു. 21 പേ​ര്‍​ക്ക് ഇ​രു​ച​ക്ര, ലൈ​റ്റ് മോ​ട്ടോ​ര്‍ വാ​ഹ​ന​ങ്ങ​ളു​ടെ ലൈ​സ​ന്‍​സും ല​ഭി​ച്ചു.

19,30,100 രൂ​പ​യാ​ണ് ഓ​ഗ​സ്റ്റ് വ​രെ സ്‌​കൂ​ള്‍ നേ​ടി​യ വ​രു​മാ​നം. ഭാ​ര​വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വിം​ഗ് പ​രി​ശീ​ല​ന​ത്തി​ന് 9,000 രൂ​പ​യും ഇ​രു​ച​ക്ര ലൈ​റ്റ് മോ​ട്ടോ​ര്‍ വാ​ഹ​ന​ങ്ങ​ളു​ടെ പ​രി​ശീ​ല​ന​ത്തി​ന് 11,000 രൂ​പ​യും, ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍​ക്ക് മാ​ത്ര​മാ​യി 3,500 രൂ​പ​യു​മാ​ണ് ഈ​ടാ​ക്കു​ന്ന​ത്. പ​ട്ടി​ക​ജാ​തി - വ​ര്‍​ഗ വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് 20 ശ​ത​മാ​നം ഫീ​സി​ള​വു​മു​ണ്ടെ​ന്ന് ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍ അ​സി​സ്റ്റ​ന്‍റ് ദീ​പ പ​റ​ഞ്ഞു.

ടി​ക്ക​റ്റി​ന് ചി​ല്ല​റ ന​ല്‍​കു​ന്ന​ത് സം​ബ​ന്ധി​ച്ച പ്ര​ശ്ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ ട്രാ​വ​ല്‍ കാ​ര്‍​ഡ് പ​ദ്ധ​തി കൊ​ല്ല​ത്ത് ന​ട​പ്പാ​ക്കി. ജി​ല്ല​യി​ല്‍ ഇ​തു​വ​രെ വി​വി​ധ ഡി​പ്പോ​ക​ള്‍ വ​ഴി 27,600 കാ​ര്‍​ഡു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. 100 രൂ​പ​യ്ക്ക് ല​ഭി​ക്കു​ന്ന കാ​ര്‍​ഡ് റീ​ചാ​ര്‍​ജ് ചെ​യ്ത് ഉ​പ​യോ​ഗി​ക്കാം. 1,000 രൂ​പ ചാ​ര്‍​ജ് ചെ​യ്താ​ല്‍ 40 രൂ​പ​യും 2,000 രൂ​പ ചാ​ര്‍​ജ് ചെ​യ്താ​ല്‍ 100 രൂ​പ​യും അ​ധി​ക ക്രെ​ഡി​റ്റ് ല​ഭി​ക്കും. പ്ല​സ് ടു ​വ​രെ​യു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി 110 രൂ​പ​യ്ക്ക് ഡി​ജി​റ്റ​ല്‍ ക​ണ്‍​സ​ഷ​ന്‍ കാ​ര്‍​ഡും ത​യാ​റാ​ക്കും.

ഇ​വ ഉ​പ​യോ​ഗി​ച്ച് പ്ര​തി​മാ​സം 25 ദി​വ​സം നി​ശ്ചി​ത റൂ​ട്ടു​ക​ളി​ല്‍ യാ​ത്ര ചെ​യ്യാം. സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ത്തി​നി​ടെ 1,20,000 ട്രാ​വ​ല്‍ കാ​ര്‍​ഡു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. ഡി​പ്പോ​ക​ളി​ല്‍ ബ്രാ​ന്‍​ഡിം​ഗ് ചെ​യ്യാ​ന്‍ സ്വ​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് അ​വ​സ​രം ഒ​രു​ക്കി​യ​തി​ലൂ​ടെ ജി​ല്ല​യി​ല്‍ പു​ന​ലൂ​ര്‍ ഡി​പ്പോ​യി​ല്‍ ആ​ദ്യ​ഘ​ട്ട പ്ര​വൃ​ത്തി​ക​ള്‍ ന​ട​ത്തി.