കുണ്ടറയിൽ സ്റ്റേഷനറി കടയിൽ മോഷണം
1586025
Saturday, August 23, 2025 6:37 AM IST
കുണ്ടറ : ആശുപത്രിമുക്ക് ഭാരത് പെട്രോൾ പമ്പിന് സമീപമുള്ള കൈരളി ബേക്കറി ആൻഡ് സ്റ്റേഷനറി സ്റ്റോഴ്സിൽ സാധനങ്ങൾ വാങ്ങാനെത്തിയ രണ്ടു യുവാക്കൾ കടയുടമയെ കബളിപ്പിച്ച് 25000 രൂപയോളം ഉള്ള ബാഗ് കൈക്കലാക്കി മുങ്ങി.
ഇന്നലെ സന്ധ്യയ്ക്കാണ് മോഷണം അരങ്ങേറിയത്. മാസ്ക് ധരിച്ചെത്തിയ രണ്ട് യുവാക്കളിൽ ഒരാൾ സോപ്പ്, ലോഷൻ മുതലായവ ആവശ്യപ്പെടുകയും, കൂടെ വന്നയാൾ മാറി നിന്ന് ഫോൺ ചെയ്യുകയും ഇടയ്ക്ക് ചില സാധങ്ങൾ വാങ്ങാൻ നിർദേശിക്കുകയും ആയിരുന്നു.
കടയ്ക്കുള്ളിലിരുന്ന സാധനം എടുക്കാൻ ഉടമ ഉള്ളിലേക്ക് പോകുന്ന സമയത്ത് കാഷ് മേശയിൽ ഉണ്ടായിരുന്ന പണവും ബാഗും കവർച്ച ചെയ്യുകയാണ് ഉണ്ടായത്.
അവർക്ക് ആവശ്യമുള്ള സാധങ്ങൾ എല്ലാം ഇല്ലെന്നു പറഞ്ഞു ദേഷ്യപ്പെട്ടാണ് യുവാക്കൾ മടങ്ങിപോയത്. കുറച്ച് സമയത്തിനുശേഷം താങ്കളുടെ ഫോൺ നമ്പരും പേരും അഡ്രസും ഉള്ള ഒരു ബാഗ് ഐസിഐസിഐ ബാങ്കിന് സമീപത്ത് നിന്ന് കളഞ്ഞുകിട്ടിയതായി ഒരാൾ വിവരം അറിയിച്ചു. അത് തന്റെതല്ലെന്ന് പറഞ്ഞു മേശ തുറന്നു നോക്കുമ്പോഴാണ് മേശയിൽ നിന്നും പണമടങ്ങിയ ബാഗ് മോഷണം പോയ വിവരം കടയുടമ അറിയുന്നത്.
ഉടൻ അവിടെയൊക്കെ തെരഞ്ഞെങ്കിലും മോഷ്ടാക്കളെ പിടികൂടാനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.