എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ
1586023
Saturday, August 23, 2025 6:37 AM IST
കൊല്ലം: ഓണവുമായി ബന്ധപ്പെട്ട് ലഹരി വിൽപ്പന തടയുന്നതിനായി പോലീസ് നടത്തിയ പരിശോധനയിൽ എംഡിഎംഎ യുമായി രണ്ടുപേർ പിടിയിലായി.
ആലപ്പുഴ തൃക്കുന്നപ്പുഴ ചെന്നിട്ടതെക്ക് പുത്തൻവീട്ടിൽ സന്തോഷ്(48), എറണാകുളം മൂവാറ്റുപുഴ തണ്ടാശേരിയിൽ വീട്ടിൽ ഷിയാസ്(41) എന്നിവരാണ് ഓച്ചിറ പോലീസിന്റെ പിടിയിലായത്.
ജില്ലാപോലീസ് മേധാവിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം രാത്രിയിൽ സന്തോഷ് താമസിക്കുന്ന ഓച്ചിറയിലുള്ള വീട്ടിൽ ഡാൻസാഫും പോലീസ് ടീമും ചേർന്ന് നടത്തിയ പരിശോധനയിലാണ് വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 44.54 ഗ്രാം എംഡിഎംഎ കണ്ടെത്തുന്നത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിൽപ്പനയ്ക്കായി ലഹരിമരുന്ന് എത്തിച്ചു നൽകിയ ഷിയാസിനെ സമീപമുള്ള ആഡംബര ഹോട്ടലിൽ നിന്നും പിടികൂടിയത്. മൂവാറ്റുപുഴ സ്വദേശിയായ ഷിയാസ് കരുനാഗപ്പള്ളി, ഓച്ചിറ ഭാഗങ്ങൾ കേന്ദ്രീകരിച്ച് ലഹരി വില്പനയ് ക്കായി എത്തുകയും ഇയാൾ എത്തിക്കുന്ന ലഹരിമരുന്ന് സന്തോഷ് സ്കൂൾ കോളജ് വിദ്യാർഥികൾക്കുൾപ്പെടെ വിതരണം ചെയ്യുകയാരുന്നു.
കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവന ഐപിഎസിന്റെ മേൽനോട്ടത്തിൽ ഓച്ചിറ പോലീസ് ഇൻസ്പെക്ടർ സുജാതൻപിള്ളയുടെ നേതൃത്വത്തിൽ എസ്ഐ ജയരാജ് പണിക്കർ, എഎസ്ഐ രഞ്ജിത്ത് ,സിപിഒ മാരായ ദീപു, ജിൻസി എന്നിവരും എസ്ഐ അനീഷിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്.