വിവരശേഖരണം: തൊഴിലില്ലായ്മയുടെ തോത് കേരളത്തില്‍ കുറവ്
1586014
Saturday, August 23, 2025 6:25 AM IST
കൊല്ലം: സംസ്ഥാനത്തു യുവാക്കള്‍ക്കും തൊഴിലന്വേഷകര്‍ക്കും സഹായകമാകുന്ന പുതിയപദ്ധതികള്‍ ആസൂത്രണംചെയ്യാന്‍ വിവരശേഖരണം. തൊഴിലില്ലായ്മ മറ്റിടങ്ങളുമായി താരതമ്യപ്പെടുത്തി സംസ്ഥാനത്ത് കുറവാണെന്നു റിപ്പോർട്ട്.
ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് നടത്തിവരുന്ന ആനുകാലിക തൊഴില്‍സേന വിവരശേഖരണത്തില്‍ രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് വിവരങ്ങള്‍ ക്രോഡീകരിക്കുന്നത്. അസംഘടിത മേഖലയിലെ സ്ഥാപനങ്ങളുടെ വാര്‍ഷിക സര്‍വേ ,പിരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വേ (പിഎല്‍എഫ്എസ്) കളിലൂടെയാണ് സംസ്ഥാന സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് വിവരശേഖരണം നടത്തുന്നത്.
യുവതയ്ക്ക് ഗുണനിലവാരമുള്ള തൊഴില്സൃഷ്ടിക്കുക പ്രധാനലക്ഷ്യമാണ്. സ്ത്രീകളെ തൊഴില്ശക്തിയിലേക്കു കൂടുതലായിഉള്പ്പെടുത്തുന്നതിനും അനൗപചാരികമേഖലയിലെ തൊഴിലാളികളുടെഅവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വിവരങ്ങള്‍ അനിവാര്യമാണ്.
സംസ്ഥാന ആസൂത്രണകമ്മീഷന് വൈസ് ചെയര്‍മാനും സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന് ചെയര്‍മാനുമാണ് വിവരശേഖരണത്തിന് നേതൃത്വം നല്‍കുന്നത്. ജില്ലയില്‍ നഗര-ഗ്രാമപ്രദേശങ്ങളില്‍നിന്നും യഥാക്രമം 36, 24 വീതം സാംപിളുകളാണ് ശേഖരിക്കുക.
ഇക്കൊല്ലംമുതല്‍ വികസനആസൂത്രണത്തിനും ജില്ലാതല വിലയിരുത്തലുകള്‍ക്കും സഹായകരമാക്കാന്‍ അധികസാമ്പിളുകള് ഉള്‍പ്പെടുത്തിയാണ് സംസ്ഥാന സ്ഥിതിവിവരക്കണക്ക് വകുപ്പ് വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ മുഖ്യപങ്കാളികളാകുന്നത്.
സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് മുഖേനനടപ്പാക്കുന്ന വിവിധ സര്‍വേകളിലൂടെ ശേഖരിക്കുന്ന വ്യക്തിഗതവിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുമെന്ന് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. കിരണ്‍ വ്യക്തമാക്കി.