വനിതാകക്ഷിയോട് മോശം പെരുമാറ്റം; ജഡ്ജിയെ സ്ഥലംമാറ്റി
1586211
Sunday, August 24, 2025 6:26 AM IST
പരവൂർ: വനിതാകക്ഷിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ കുടുംബ കോടതി ജഡ്ജിക്ക് സ്ഥലം മാറ്റം. ചവറ കുടുംബ കോടതിയിലെ ജഡ്ജിയെ ആണ് ഹൈക്കോടതി ഇടപെട്ട് കൊല്ലം എംഎസിടി കോടതിയിലേക്ക് മാറ്റിയത്. അതേസമയം ആരോപണ വിധേയനായ ജഡ്ജിയുടെ നിയമനത്തില്‍ കൊല്ലത്ത് ബാര്‍ അസോസിയേഷനില്‍ അമര്‍ഷം പുകയുകയാണ്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 19നാണ് തന്റെ ചേമ്പറില്‍ എത്തിയ വനിതാ കക്ഷിയോട് ജഡ്ജി അപമര്യാദയായി പെരുമാറിയെന്ന പരാതി ഉയര്‍ന്നത്. തുടര്‍ന്ന് യുവതി ജില്ലാ ജഡ്ജിക്ക് നല്കിയ പരാതി പിന്നീട് ഹൈക്കോടതിക്ക് കൈമാറുകയായിരുന്നു. പിന്നാലെ 20ന് ജഡ്ജിയെ സ്ഥലം മാറ്റി. പരാതിയില്‍ ഹൈക്കോടതി അന്വേഷണം തുടരുകയാണ്.