സ്കൂട്ടർ യാത്രക്കാരനെ കാട്ടുപോത്ത് ഇടിച്ച് തെറിപ്പിച്ചു
1586219
Sunday, August 24, 2025 6:26 AM IST
കുളത്തൂപ്പുഴ : തിരുവനന്തപുരം - തെങ്കാശി അന്തർ സംസ്ഥാന പാതയിൽ കുളത്തൂപ്പുഴ അയ്യൻപിള്ള വളവിലെ മലങ്കര കത്തോലിക്ക പള്ളി കുരിശുമൂട്ടിന് സമീപം കാട്ടുപോത്തിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്.
രാത്രി തെന്മലയിൽ നിന്നും സ്കൂട്ടറിൽ കുളത്തൂപ്പുഴയിലേക്ക് വരികയായിരുന്ന കുളത്തൂപ്പുഴ കൈതക്കാട് സ്വദേശി തൗഫീക്കിനാണ് അപകടത്തിൽ പരിക്കേറ്റത്. പരിക്കേറ്റു റോഡിൽ വീണ തൗഫീക്കിനെ ഓടിക്കൂടിയ സമീപവാസികൾ ആദ്യം കുളത്തൂപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പ്രഥമ ശുശ്രൂഷകൾക്ക് ശേഷം പുനലൂർ താലൂക്ക് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.
തെന്മല ആർആർടി സംഘം ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപോത്തിനെ ഓടിച്ച് കാട് കേറ്റുന്നതിനിടെയാണ് കാട്ടുപോത്ത് കൂട്ടം റോഡിൽ ഇറങ്ങി അതുവഴി വന്ന സ്കൂട്ടർ യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ചത്.
കുളത്തൂപ്പുഴ പ്രദേശങ്ങളിൽ ജനവാസ മേഖലകളിൽ ആന, കാട്ടുപോത്ത്, കുരങ്ങ്,പന്നി എന്നിവയുടെയും മയിലിന്റെയും ശല്യം രൂക്ഷമായി കൊണ്ടിരിക്കുകയാണ്. ലക്ഷങ്ങൾ ചെലവഴിച്ച് വനാതിർത്തിയിൽ സോളാർ ബെൻസിംഗ് സ്ഥാപിച്ചതാവട്ടെ പരിപാലനം ഇല്ലാതായതോടെ ആനക്കൂട്ടങ്ങൾ നശിപ്പിച്ചു.
കുളത്തൂപ്പുഴയുടെ പല പ്രദേശങ്ങളിലും രാത്രിയാത്ര അപകടം പിടിച്ചതാണെന്ന് നാട്ടുകാർ പറഞ്ഞു.