മാതാവിന്റെ കൊലപാതകം; മകൻ അറസ്റ്റിൽ
1586216
Sunday, August 24, 2025 6:26 AM IST
കരുനാഗപ്പള്ളി : തഴവയിലെ പാവുമ്പയിൽ വീട്ടമ്മ കിടപ്പുമുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ മകൻ പോലീസ് പിടിയിലായി. പാവുമ്പ തെക്ക്, ബിനു സദനത്തിൽ (ചാരുകളീയ്ക്കൽ) രാജാമണിയമ്മ (72) മരിച്ച സംഭവത്തിൽ മകൻ ബിനു (49) വിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
വ്യാഴാഴ്ച രാവിലെ ഒൻപതോടെയാണ് രാജാമണിയമ്മയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടത്. മകൻ ബിനുവാണ് രാജാമണിയമ്മ തൂങ്ങിമരിച്ചതായി നാട്ടുകാരോട് പറയുന്നത്. നാട്ടുകാർ എത്തിയപ്പോൾ മൃതദേഹം തറയിൽ കിടത്തിയിരിക്കുന്ന നിലയിലായിരുന്നു.മുറിയുടെ ജനലിൽ തൂങ്ങി നിന്ന രാജാമണിയമ്മയെ താൻ അഴിച്ച് താഴെ കിടത്തിയതാണെന്നാണ് മകൻ നാട്ടുകാരോടും പോലീസിനോടും പറയുന്നത്.
മുറിയിൽ രക്തക്കറകളും ശരീരത്തിൽ മുറിവുകളും കണ്ട് സംശയം തോന്നിയ നാട്ടുകാർ ഉടൻതന്നെ പോലീസിൽ വിവരമറിയിച്ചു.
പോലീസ് എത്തി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി അയച്ചു. ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിരുന്നു.മകൻ ബിനുവി െ ന്റ പെരുമാറ്റത്തിൽ അസ്വാഭികത തോന്നിയ പോലീസ് ഇയാളെ അന്നുതന്നെ കസ്റ്റിഡിയിൽ എടുത്തിരുന്നു.
ശരീരത്തിൽ മുറിവേറ്റതി െ ന്റ 19 ഓളം പാടുകൾ ഉള്ളതായും തലയ്ക്കും കഴുത്തിനും ഉണ്ടായ മുറിവുകളാണ് മരണത്തിന് കാരണമായതെന്നും പോസ്റ്റുമോർട്ടത്തിൽ തെളിയുകയായിരുന്നു.കഴുത്തിൽ തുണിപോലുള്ള എന്തോ വസ്തുകൊണ്ട് മുറുക്കിയതിന്റെ പാടുകളും ഉണ്ടായിരുന്നു.തുടർന്ന് പോലീസ് ബിനുവിനെ ചോദ്യം ചെയ്തെങ്കിലും തുടക്കത്തിൽ കുറ്റം സമ്മതിച്ചിരുന്നില്ല. സാഹചര്യ തെളിവുകൾ നിരത്തി കൂടുതൽ ചോദ്യം ചെയ്തപ്പോൾ ബിനു കുറ്റം സമ്മതിക്കുകയാണ് ഉണ്ടായത്. ബിനു സ്ഥിരമായി അമ്മയെ മർദിച്ചിരുന്നതായും സംഭവദിവസം രാത്രിയിലും മർദിച്ചതായും പോലീസ് അറിയിച്ചു. ഈ മർദനത്തിനിടയിലാണ് രാജാമണിയമ്മ മരിച്ചത്. മുറിവുകളിൽ നിന്നും മുറിയിൽ വീണ രക്തക്കറകൾ ബിനുതന്നെ കഴുകി കളഞ്ഞ ശേഷം ആർക്കും സംശയം തോന്നാത്ത വിധത്തിൽ നാട്ടുകാരോട് അമ്മ തൂങ്ങിമരിച്ചതായി പറയുകയായിരുന്നു. കരുനാഗപ്പള്ളി പോലീസ് ഇൻസ്പെക്ടർ വി. ബിജുവി െ ന്റ നേതൃത്വത്തിലായിരുന്നു അന്വേഷണം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.