പുറ്റിംഗൽ വെടിക്കെട്ട് ദുരന്തം : വിടുതൽ ഹർജിയിൽ തുടർവാദം 30ന്
1586210
Sunday, August 24, 2025 6:26 AM IST
പരവൂർ: പുറ്റിംഗൽ ദേവീക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ ചില പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജിയിന്മേൽ തുടർവാദം 30ന് നടക്കും. ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിന് എതിരെയാണ് വിടുതൽ ഹർജികൾ സമർപ്പിപ്പിച്ചിട്ടുള്ളത്. ഇതിന്മേൽ ഇന്നലെ ചാർജ് ജഡ്ജി ആന്റണി മുമ്പാകെ പ്രതിഭാഗവും പ്രോസിക്യൂഷനും തങ്ങളുടെ വാദമുഖങ്ങൾ നിരത്തി. കൂടുതൽ വാദം കേൾക്കുന്നതിനായി ജഡ്ജി കേസ് 30ന് അവധിക്ക് വച്ചു.
കൊല്ലത്തെ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ ക്ഷേത്ര ഭരണ സമിതി അംഗങ്ങളായ ഒന്നു മുതൽ 15 വരെ പ്രതികളും കമ്പക്കെട്ടുക്കാരായ 16 മുതൽ 20 വരെ പ്രതികളും ഉത്സവ പരിപാടിക്ക് നേതൃത്വം നൽകിയ 21-ാം പ്രതിയും കുറ്റകരമായ ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കുന്നു. ജില്ലാ ഭരണകൂടത്തിന്റെ അനുമതി ഇല്ലാതെയും സ്ഫോടക വസ്തു നിയമങ്ങൾക്കും വിരുദ്ധമായി മത്സരകമ്പം നടത്തി ആളുകൾക്ക് ജീവഹാനി വരുത്തിയതിന് ഇവർക്കെതിരേ കൊലക്കുറ്റത്തിനും പൊതുമുതൽ നശിപ്പിച്ചതിനും കുറ്റം ചുമത്തിയിട്ടുണ്ട്.
22 മുതൽ 25 വരെയും 38 മുതൽ 41 വരെയുമുള്ള പ്രതികൾക്ക് എതിരേ ദേഹോപദ്രവം ഏൽപ്പിക്കൽ, കൊലക്കുറ്റം, പോലീസ് നിർദേശങ്ങൾ അനുസരിക്കാതിരിക്കൽ എന്നിവയും ചുമത്തിയിട്ടുണ്ട്. കമ്പക്കാരുടെ താത്കാലിക ജീവനക്കാരായ 26 മുതൽ 37 വരെയും 42 മുതൽ 55 വരെയുമുള്ള പ്രതികൾക്കെതിരെ സ്ഫോടക വസ്തുക്കൾ അശ്രദ്ധമായി കൈകാര്യം ചെയ്തു എന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്.
സ്ഫോടക വസ്തുക്കൾ സൂക്ഷിക്കുന്നതിന് ക്ഷേത്ര പരിസരം നൽകിയതാണ് 56-ാം പ്രതിക്ക് നേരേ ചുമത്തിയിട്ടുള്ള കുറ്റം. 57 മുതൽ 59 വരെയുള്ള പ്രതികൾ കമ്പക്കാർക്ക് സ്ഫോടക വസ്തുക്കൾ കൂടുതലായി നൽകിയെന്ന കുറ്റത്തിലാണ് കേസ് എടുത്തിട്ടുള്ളത്. ഇതിൽ ഗൗരവമുള്ള വകുപ്പുകൾ ഒഴിവാക്കണമെന്ന് അപേക്ഷിച്ചാണ് പ്രതികൾ അഭിഭാഷകർ മുഖാന്തിരം വിടുതൽ ഹർജികൾ നൽകിയിട്ടുള്ളത്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ കെ.പി. ജബ്ബാർ, അഡ്വ. അമ്പിളി ജബ്ബാർ എന്നിവർ കോടതിയിൽ ഹാജരായി.