തിരുമുക്കിലെ ദേശീയപാത നിർമാണം തടഞ്ഞു
1596514
Friday, October 3, 2025 5:43 AM IST
ചാത്തന്നൂർ: തിരുമുക്കിൽ ദേശീയപാതയിൽ നിർത്തിവച്ചിരുന്ന പണി പുനരാരംഭിക്കാൻ തയാറായെത്തിയവരെ തടഞ്ഞു. കെട്ടിടാവശിഷ്ടങ്ങൾ ഉപയോഗിച്ച് റോഡ് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത് തുടരാൻ കഴിയില്ലായെന്നും മുഴുവൻ കെട്ടിടാവശിഷ്ടവും മണ്ണ് മാന്തി നീക്കം ചെയ്യണമെന്നും സമരസമിതി പ്രവർത്തകർ ആവശ്യപ്പെട്ടു. പ്ലാസ്റ്റിക്ക് കുപ്പികളും അഴുക്കുകളും വരെ കൊണ്ടിട്ടാണ് റോഡ് നിർമാണം നടത്താനെത്തിയത്.
കഴിഞ്ഞദിവസം രാവിലെ റോഡ് നിർമാണത്തിനെത്തിയപ്പോൾ സമര സമിതി പ്രവർത്തകർ മാലിന്യങ്ങൾ കൊണ്ട് നിർമാണ പ്രവർത്തനം പാടില്ലെന്നറിയിച്ചു.തിരുമുക്കിലെ ഓട്ടോ തൊഴിലാളികളും നാട്ടുകാരും വ്യാപാരികളും ഉടൻ തന്നെ അവിടെ എത്തിച്ചേർന്നു.
തർക്കത്തെ തുടർന്ന് ചാത്തന്നൂർ സ്റ്റേഷൻ ഹൗസ്ഓഫീസറും സംഘവുമെത്തിയെങ്കിലും സമരക്കാർ പിന്മാറിയില്ല. നിർമ്മാണ കമ്പിനിയായശിവാലയ യുടെ വൈസ് പ്രസിഡന്റ് ബി.എം.റാവത്തുംകൊല്ലം കളക്ടറുടെ നിർദേശാനുസരണം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് നിർമൽകുമാറും സ്ഥലത്തെത്തി.
സമരസമിതി പ്രവർത്തകരുമായി ചർച്ച ചെയ്യുകയും മാലിന്യം നീക്കം ചെയ്ത് ബോധ്യപ്പെടുത്തുന്നതു വരെ വലിയ തോതിലുള്ള നിർമാണ പ്രവർത്തനങ്ങൾ പ്രസ്തുത പ്രദേശത്ത് നടത്തുന്നത് ഒഴിവാക്കാനും ധാരണയായി.
വനിത സത്യഗ്രഹി
തിരുമുക്ക് അടിപ്പാത സമരസമിതി നേതൃത്വത്തിൽ നടത്തിവരുന്ന റിലേസത്യഗ്രഹ സമരത്തിന്റെ പതിനഞ്ചാം ദിവസമായ ഇന്നലെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ചാത്തന്നൂർ ഏരിയാ പ്രസിഡന്റും മുൻചാത്തന്നൂർ പഞ്ചായത്ത് പ്രസിഡന്റുമായ കെ. നിമ്മി റിലേ സത്യഗ്രഹം അനുഷ്ടിച്ചു.
ജനാധിപത്യ മഹിളാ അസോസിയേഷൻ ചാത്തന്നൂർ ഏരിയാ സെക്രട്ടറികെ.എൻ.ശ്രീദേവി അമ്മ സത്യഗ്രഹസമരം ഉദ്ഘാടനം ചെയ്തു.
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ചാത്തന്നൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് റിലേ സത്യഗ്രഹം നടന്നത്. സത്യഗ്രഹ സമരത്തിന്റെ പതിനാറാം ദിവസമായ ഇന്ന് യൂത്ത് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി വിഷ്ണു ശ്യാം സത്യഗ്രഹംഅനുഷ്ടിക്കും.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് റിയാസ് ചിതറ സത്യഗ്രഹം ഉദ്ഘാടനം ചെയ്യും. യൂത്ത് കോൺഗ്രസ് ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇന്നത്തെ റിലേ സത്യഗ്രഹം.