ജോണിന്റെ അകക്കണ്ണിലെ കാഴ്ചകൾക്ക് തിളക്കമേറെ...
1596181
Wednesday, October 1, 2025 5:51 AM IST
കുണ്ടറ : ഇതു ജോണിന്റെ കഥ. കുണ്ടറയിൽ നെടുമ്പായികുളത്തിനു സമീപം മുക്കൂട് താറാം വിളയിൽ വട്ടവിളക്കിഴക്കതിൽ ഗീവർഗീസ് പണിക്കരുടെയും റാഹേലമ്മയുടെയും രണ്ടാമത്തെ മകൻ. കണ്ണിൽ ഇരുളു മൂടിയ ലോകത്താണ് പിറന്നു വീണതെന്നതു മാതാപിതാക്കളെ വളരെ സങ്കട ത്തിലാഴ്ത്തിയെങ്കിലും പഠനത്തിലും മറ്റു കലാപരമായ മേഖലകളിലും മികവു പുലർത്തിയത് അവർക്ക് ഏറെ സന്തോഷമേകുന്നു.
ഒരു സാധാരണ വ്യക്തി ഉപയോഗിക്കുന്നതു പോലെ ഫേസ് ബുക്ക് , യൂട്യൂബ്, വാട്സ്ആപ്പ് ചാറ്റുകൾ എന്നിവ അനായാസം ചെയ്യാനുള്ള പ്രാവീണ്യവും നേടിക്കഴിഞ്ഞു. 10-ാം ക്ലാസിൽ ഫുൾ എ പ്ലസ് നേടിയ ജോണിന്റെ വിജയത്തെ, "വെല്ലുവിളികളെ അതിജീവിച്ച് മുന്നേറി" എന്ന തലക്കെട്ടോടെ ഫ്ലക്സ് ബോർഡുകൾ വച്ചു നാട്ടുകാർ ആഘോഷമാക്കി.
ജോൺ ഇതിനോടകം മൂന്ന് ഓഡിയോ ഷോർട്ട് ഫിലിമുകൾ ചെയ്തു കഴിഞ്ഞു. ഒരു മുഴുനീള സിനിമയുടെ പണിപ്പുരയിലാണ് ഇപ്പോൾ. "ദൈവത്തിന്റെ ലീലകൾ" എന്ന പേരിൽ യൂട്യൂബിൽ ട്രെയിലർ ഇറങ്ങി കഴിഞ്ഞു. ഡിസംബർ മാസത്തോടെ റിലീസ് ചെയ്യണമെന്നാണ് ജോണിന്റെ ആഗ്രഹം. ഇരുളടഞ്ഞ ലോകത്തിൽ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചു മൊബൈലിന്റെ സഹായത്തോടെയാണ് ഇവയെല്ലാം ചെയ്തുവരുന്നത്.
കൊല്ലം എസ് എൻ കോളജിൽ ഫൈനൽ ബി എ മലയാളം വിദ്യാർഥിയാണ്. കഴിഞ്ഞ നാലര വർഷമായി അമ്മയാണ് രാവിലെയും വൈകുന്നേരവ ം ബസിൽ കയറ്റി സ്കൂളിലും കോളജിലും കൊണ്ടുപോയി തിരികെ കൊണ്ടുവരുന്നത്.
ഒരു വരുമാനവും ഇപ്പോൾ ഇല്ലാത്ത ഈ കുടുംബം നിത്യ ചെലവിനും വഴിയാത്രയ്ക്കും മറ്റു പഠന ചെലവുകൾക്കും സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ്. നന്നായി പഠിക്കുന്ന ജോണിന്റെ വിദ്യാഭ്യാസം പാതിവഴിയിൽ നിർത്തുവാനും മാതാപിതാക്കളുടെ മനസ് അനുവദിക്കുന്നില്ല.
ഒരു അപകടത്തെ തുടർന്നു പൂർണമായും ജോലി നഷ്ടപ്പെട്ട പിതാവിനെയും സാമ്പത്തികമായി തകർന്നു നിൽക്കുന്ന കുടുംബത്തെയും സഹായിക്കുകയെന്ന ലക്ഷ്യമാണ് ജോണിനുള്ളത്.
സ്വന്തമായി ഒരു ലാപ്ടോപ്പ് കരസ്ഥമാക്കുക, അതുവഴി താൻ സൃഷ്ടിച്ച കഥകൾ ദൃശ്യാവിഷ്കാരം നടത്തുക എന്നിവയാണ് ജോണിന്റെ സ്വപ്നങ്ങൾ.
ജിജുമോൻ മത്തായി