വാടക നൽകാത്ത കെഎസ്ഇബി സബ് എൻജിനിയർ ഓഫീസ് കെട്ടിടം ഉടമ താഴിട്ട് പൂട്ടി
1595702
Monday, September 29, 2025 6:27 AM IST
ശാസ്താംകോട്ട : കാരാളിമുക്കിൽ പ്രവർത്തിച്ച് വന്ന കെഎസ്ഇബി സബ് എൻജിനിയർ ഓഫീസ് വാടക നൽകാത്തതിനെ തുടർന്ന് ഉടമ താഴിട്ടു പൂട്ടി. പടിഞ്ഞാറെ കല്ലടയിലെ വൈദ്യുതി സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടു പ്രവർത്തിച്ചിരുന്ന ഓഫീസാണ് പൂട്ടിയത്.
കാരാളിമുക്കിലെ സബ് എൻജിനിയർ ഓഫീസ് പ്രവർത്തനം നേരത്തേതന്നെ നിർത്തിയിരുന്നെന്നാണ് ഇത് സംബന്ധിച്ച് കെഎസ്ഇബി അധികൃതർ വിശദീകരണം. എൻജിനിയറെയും മറ്റ് ജീവനക്കാരെയും പിൻവലിച്ചിരുന്നതായി കെഎസ്ഇബി അവകാശപ്പെടുന്നുണ്ടെങ്കിലും ഓഫീസ് ഭാഗികമായി പ്രവർത്തനം നടന്നുവരുകയായിരുന്നു. ഓഫീസിന് പുറത്ത് ഇപ്പോഴും ബോർഡും തൂക്കിയിട്ടുണ്ട്.
കഴിഞ്ഞദിവസംവരെ ലൈൻമാൻമാരുൾപ്പെടെ ഇവിടെ എത്തുകയും ദൈനംദിന കാര്യങ്ങൾ ചെയ്തുവരികയുമായിരുന്നു. അറ്റകുറ്റപ്പണിക്കുള്ള സാധനങ്ങളും ഇവിടെ സൂക്ഷിച്ചു വന്നിരുന്നു.
ഉപഭോക്താക്കൾക്കുള്ള പരാതി പുസ്തകം വെച്ചിട്ടുള്ള ഓഫീസിൽ പരാതികൾ എഴുതിയിട്ടാൽ പരിഹരിച്ചു വരുകയായിരുന്നു.
30 വർഷത്തോളമായി പ്രവർത്തിച്ചു വന്നിരുന്ന ഓഫീസാണ് വാടക കിട്ടാതായി കെട്ടിട ഉടമ പൂട്ടികെട്ടിയത്. ഇനി എല്ലാ സേവനങ്ങൾക്കും ഉപഭോക്താക്കൾ ശാസ്താംകോട്ട സെക്ഷൻ ഓഫീസിനെ ആശ്രയിക്കേണ്ട സ്ഥിതിയാണ് ഉണ്ടാവുക.
ഓഫീസ് പ്രവർത്തിച്ചിരുന്ന മുറി നാലുമാസത്തിനുമുൻപ് മറ്റെരാൾ വിലയ്ക്കു വാങ്ങുകയായിരുന്നു. കുടിശിക വന്നതോടെ പുതിയ ഉടമ വാടക ആവശ്യപ്പെട്ട് കെഎസ്ഇബി ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടപ്പോഴാണ് ഓഫീസ് വർഷങ്ങൾക്കു മുന്നേ നിർത്തലാക്കിയതാണെന്നും വാടകതരാൻ അനുമതിയില്ലെന്നും അറിയിയാനായത്. ഇതോടെ ഉടമ ഓഫീസ് പൂട്ടി വിവരം അധികൃതരെ അറിയിക്കുകയാണ് ഉണ്ടായത്.