പുത്തൻ ഡിസൈനുകളിൽ ബസ് സ്റ്റേഷനുകൾ ഒരുക്കുന്നു
1595920
Tuesday, September 30, 2025 6:52 AM IST
ചാത്തന്നൂർ: തികച്ചും വ്യത്യസ്തമായ ഡിസൈനുകളിൽ കെഎസ്ആർടിസി ബസ് സ്റ്റേഷനുകൾ നിർമിക്കുന്നു. ആദ്യഘട്ടത്തിൽ ആറ്റിങ്ങൽ, കൊട്ടാരക്കര, കായംകുളം,ചെങ്ങന്നൂർ,ചങ്ങനാശേരി എന്നീ ബസ് സ്റ്റേഷനുകളിലാണ് പുതിയ നിർമാണം.ഡിജിറ്റൽ യുഗത്തിന് അനുസരിച്ച് കെഎസ്ആർടിസിയും മാറുകയാണ്.
അതിന്റെ ഭാഗമായി ബസ് സ്റ്റേഷനുകളും മാറ്റുകയാണ്. അടിപൊളി ബസുകൾക്ക് പിന്നാലെ തികച്ചും വ്യത്യസ്തമായ ഡിസൈനുകളിൽ, അതിമനോഹരമായ ബസ് സ്റ്റേഷനുകളാണ് വിഭാവനം ചെയ്യുന്നതെന്ന് മന്ത്രി കെ.ബി. ഗണേശ് കുമാർ വ്യക്തമാക്കി.
ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടങ്ങളാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇരുനില കെട്ടിടമാണ് മന്ത്രിയുടെ സ്വന്തം നാടായ കൊട്ടാരക്കരയിലെ ബസ് സ്റ്റേഷന്റേത്. ഒരു കുട കമഴ്ത്തി വച്ചത് പോലെ കാഴ്ചയ്ക്ക് മനോഹരമാണ്.
വൃത്താകൃതിയിലുള്ള ഈ സ്റ്റേഷന്റെ വിവിധ ഭാഗങ്ങളിൽ വിവിധ ദിശകളിലേയ്ക്ക് പോകുന്ന ബസുകൾക്ക് പാർക്ക് ചെയ്യാൻ കഴിയും. ഇത് തിരക്കും ഒഴിവാക്കും. കെട്ടിടത്തിൽ കെഎസ്ആർടിസിയുടെ ഓഫീസിന് പുറമേ വാണിജ്യാവശ്യത്തിനുള്ള മുറികളും ഒരുക്കും.മറ്റ് നാല് ബസ് സ്റ്റേഷനുകളും വ്യത്യസ്തമായ ഡിസൈനുകളിലാണ്. എല്ലാം ഇരുനില കെട്ടിടങ്ങളാണ്.
ആധുനിക സൗകര്യങ്ങൾ ഒരുക്കുന്നതോടൊപ്പം ശുചിത്വ പാലനത്തിനും പ്രാധാന്യം നല്കും. സംസ്ഥാന പൊതുമരാമത്ത് വകുപ്പിനാണ് നിർമാണ ചുമതല.പുതിയ ബസുകൾ ഡിസൈൻ ചെയ്തത് മന്ത്രിയുടെ മകനും കൂട്ടുകാരനും കൂടിയായിരുന്നു. സൗജന്യമായിട്ടായിരുന്നു ബസ് ഡിസൈൻ ചെയ്തതെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.പുതിയ ബസ് സ്റ്റേഷനുകൾ ആരാണ് ഡിസൈൻ ചെയ്തതെന്ന് കെഎസ്ആർടിസി വ്യക്തമാക്കുന്നില്ല.
പുതിയ ബസ് സ്റ്റേഷനുകൾക്കായി 120 കോടി വിനിയോഗിക്കാനാണ് പദ്ധതി. മന്ത്രിയുമായി ചർച്ച ചെയ്ത് ഡിസൈനുകളിൽ ചിലപ്പോൾ ഭേദഗതികൾ വരുത്താൻ സാധ്യതയുണ്ടെന്നും അധികൃതർ പറഞ്ഞു.
പ്രദീപ് ചാത്തന്നൂർ