തിരുമുക്കിലെ അടിപ്പാത സമരം; 14-ാം ദിവസത്തിലേക്ക്
1596180
Wednesday, October 1, 2025 5:51 AM IST
ചാത്തന്നൂർ: ചാത്തന്നൂർ തിരുമുക്കിൽ വലിയ വാഹനങ്ങൾക്കു കടന്നുപോകുവാൻ കഴിയുന്ന തരത്തിൽ അടിപ്പാത ശാസ്ത്രീയമായി പുതുക്കിപ്പണിയണമെന്ന് ആവശ്യപ്പെട്ട് തിരുമുക്ക് അടിപ്പാത സമരസമിതി നേതൃത്വത്തിൽ നടത്തിവരുന്ന റിലേസത്യഗ്രഹ സമരം 14-ാം ദിവസത്തിലേക്ക്.
സത്യഗ്രഹ സമരത്തിന്റെ പതിനാലാം ദിവസമായ ഇന്ന് പരവൂർക്കാർ കൂട്ടായ്മ ജനറൽ കൺവീനർ സന്തോഷ് പാറയിൽക്കാവ് റിലേ സത്യഗ്രഹം അനുഷ്ടിക്കും. യുവകലാസാഹിതി ജില്ലാ വൈസ് പ്രസിഡന്റ് മദന മോഹനൻ രാവിലെ സത്യഗ്രഹം ഉദ്ഘാടനം ചെയ്യും.
പ്രധാനമന്ത്രിക്കു കത്തുകൾ അയച്ച് വിദ്യാർഥികൾ
ചാത്തന്നൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, എൻഎസ്എസ്ഹയർ സെക്കൻഡറി സ്കൂൾ എന്നി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾ തിരുമുക്കിലെ അടിപ്പാത പുതുക്കിപ്പണിയണമെന്ന ആവശ്യം ഉന്നയിച്ചു ഹിന്ദി, ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ തയാറാക്കിയ കത്തുക പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്കും കേരള മുഖ്യമന്ത്രിക്കും അയച്ചു.
അടിപ്പാത വഴി ബസുകൾ ചാത്തന്നൂരിലെത്താത്തതുമൂലം വിദ്യാർഥികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ അടക്കം കത്തുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 2500 കത്തുകളാണ് വിദ്യാർഥികൾ തയാറാക്കി സമരസമിതിക്കു നൽകിയത്. തിരുമുക്ക് അടിപ്പാതസമരസമിതി പ്രവർത്തകർ ചാത്തന്നൂർ പോസ്റ്റ് ഓഫീസിലെത്തി കത്തുകൾ ബന്ധപ്പെട്ടവർക്ക് അയക്കുന്നതിനായി പോസ്റ്റ് മാസ്റ്റർക്ക് കൈമാറി.
ഓട്ടോ തൊഴിലാളികൾ പങ്കാളികളായി
തിരുമുക്ക് അടിപ്പാത സമരസമിതി നടത്തി വരുന്ന റിലേ സത്യഗ്രഹ സമരത്തിൽ ഓട്ടോറിക്ഷ തൊഴിലാളികൾ പങ്കാളികളായി. തുടർച്ചയായ ദിവസങ്ങളിൽ വനിതകളും തൊഴിലാളി യൂണിയൻ പ്രതിനിധികളും റിലേ സത്യഗ്രഹം അനുഷ്ഠിക്കുന്നുനെന്നതു തന്നെ സമര സമിതിയുടെ ആവശ്യത്തിന്റെ പ്രസക്തി വർധിപ്പിക്കുന്നു.ചാത്തന്നൂർ തിരുമുക്കിൽ വലിയ വാഹനങ്ങൾക്കു കടന്നുപോകുവാൻ കഴിയുന്ന തരത്തിൽ അടിപ്പാത ശാസ്ത്രീയമായി പുതുക്കിപണിയണമെന്ന് ആവശ്യപ്പെട്ട് തിരുമുക്ക് അടിപ്പാത സമരസമിതി നേതൃത്വത്തിൽ നടത്തിവരുന്ന റിലേസത്യഗ്രഹ സമരത്തിന്റെ 13-ാംദിവസം തിരുമുക്ക് ഓട്ടോറിക്ഷാ യൂണിയൻ പ്രതിനിധി കെവിൻ റിലേ സത്യഗ്രഹം അനുഷ്ടിച്ചു.
തിരുമുക്കിലെ ഓട്ടോറിക്ഷാ തൊഴിലാളികളാണ് 13-ാം ദിവസത്തെ സമരപരിപാടികൾക്ക് നേതൃത്വം നൽകിയത്. കവിയും സാഹിത്യകാരനുമായ അടുതല ജയപ്രകാശ് റിലേ സത്യഗ്രഹം ഉദ്ഘാടനം ചെയ്തു. എൻ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. പരവൂർക്കാർ കൂട്ടായ്മ ജനറൽ കൺവീനർ സന്തോഷ് പാറയിൽക്കാവ്, സമരസമിതി ജനറൽകൺവീനർ കെ.കെ. നിസാർ, എൻ. സദാനന്ദൻപിള്ള, വിനോദ് കുമാർ, ചാത്തന്നൂർ വികസനസമിതി കൺവീനർ ജി.പി.രാജേഷ്, പി.ദിനകരൻ തുടങ്ങിയവർ പ്രസംഗിച്ചു.