പോലീസ് കസ്റ്റഡിയിൽ നിന്നു രക്ഷപ്പെട്ട പ്രതികൾ പിടിയിൽ
1596177
Wednesday, October 1, 2025 5:51 AM IST
അഞ്ചല്‍ : കവര്‍ച്ച കേസില്‍ പാലോട് പോലീസ് പിടികൂടി പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുവരവേ കസ്റ്റഡിയില്‍ നിന്നും ചാടിപോയ പ്രതികള്‍ രണ്ടു ദിവസത്തിനു ശേഷം പിടിയില്‍.
തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശികളും നിരവധി കവര്‍ച്ച കേസുകളിലെ പ്രതികളുമായ അയൂബ് ഖാന്, ഇയാളുടെ മകന് സെയ്താലവി എന്നിവരെയാണ് വയനാട് മാനന്തവാടിയില്‍ പോലീസ് പിടികൂടുന്നത്.
പ്രതികൾ ചാടി പോകുന്നതിനുമുമ്പ് പിടികൂടിയതു വനയാട്ടിലെ സുല്‍ത്താന്‍ബത്തേരിയില്‍ നിന്നുമായിരുന്നു. ഇതുകൊണ്ടു തന്നെ പാലോട് പോലീസ് വയനാട് ജില്ലാ പോലീസിന് പ്രതികളുടെ വിവരം കൈമാറിയിരുന്നു.
ഇത്പ്രകാരം, പ്രതികള്‍ മാനന്തവാടിയില്‍ വാടകയ്ക്ക് താമസിച്ചുവന്നിരുന്ന വീട്ടിലെത്തിയ പ്രതികളെ മഫ്തിയിലുണ്ടായിരുന്ന പോലീസ് പിടികൂടുകയായിരുന്നു. പോലീസ് പിടിയിലായ സമയത്ത് പ്രതികളുടെ കൈയില്‍ വിലങ്ങുണ്ടായിരുന്നില്ല.
പ്രതികള്‍ രക്ഷപ്പെട്ട കടയ്ക്കല്‍ പോലീസ് സ്റ്റേഷന് പരിധിയിലെ കോട്ടുക്കല്‍, ചൂണ്ട, ചെറുകുളം, കോട്ടുക്കല്‍ കൃഷി ഫാം ഉള്‍പ്പടെയുള്ള ഇടങ്ങളില്‍ കഴിഞ്ഞ രണ്ടു ദിവസമായി വ്യാപകമായ തെരച്ചിലാണ് പോലീസ് നടത്തിയത്. ശനിയാഴ്ച പുലര്‍ച്ചെ രക്ഷപ്പെട്ട പ്രതികള്‍ക്കായുള്ള ഈ
ഭാഗങ്ങളിലെ തെരച്ചില്‍ തിങ്കളാഴ്ച വൈകുന്ന േരത്ത ോടെ പോലീസ് ഏതാണ്ട് അവസാനിപ്പിച്ചിരുന്നു. പിന്നാലെയാണ് പ്രതികള്‍ മാനന്തവാടി പോലീസിന്റെ വലയിലാകുന്നത്.
പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി പാലോട് എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ പോലീസ് സംഘം വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയോടെയോ ഇന്നു രാവിലെയോടെയോ പ്രതികളെ പാലോട് പോലീസ് സ്റ്റേഷനില്‍ എത്തിക്കുമെന്നാണ് വിവരം.
പാലോട് പോലീസ് സ്റ്റേഷന് പരിധിയില്‍ എട്ടോളം വ്യാപാര സ്ഥാപനങ്ങള്‍ കുത്തിത്തുറന്ന പ്രതികള്‍ ലക്ഷങ്ങളുടെ കവര്‍ച്ച നടത്തിയിരുന്നു. ഈ കേസിലാണ് പിടികൂടി കൊണ്ടുവരവേ പ്രാഥമികകർമം നിർവഹിക്കാനെന്ന വ്യാജേന പ്രതികള്‍ വാഹനത്തില്‍ നിന്നും പുറത്തിറങ്ങുകയും രക്ഷപ്പെടുകയും ചെയ്യുകയായിരുന്നു.