ഉമ്മൻചാണ്ടി ഫൗണ്ടേഷൻ നെടുന്പനയ്ക്കായി ആംബുലൻസ് വാങ്ങി നൽകി
1596179
Wednesday, October 1, 2025 5:51 AM IST
കൊട്ടിയം: പി.സി. വിഷ്ണുനാഥ് എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ആംബുലൻസിനായി അനുവദിച്ചത് വേണ്ടെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തീരുമാനമെടുത്ത സാഹചര്യത്തിൽ നെടുമ്പനയിലെ ഉമ്മൻചാണ്ടി ഫൗണ്ടേഷൻ നെടുമ്പനയ്ക്കായി ആംബുലൻസ് വാങ്ങി നൽകി.
ഡ്രൈവറെ വെക്കാൻ കഴിയില്ല എന്ന കാരണം പറഞ്ഞാണ് എംഎൽഎയുടെ ആംബുലൻസ് വേണ്ടെന്ന തീരുമാനമെടുക്കുന്നത്. വെളിച്ചിക്കാല കമ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്കാണ് എംഎൽഎ ആംബുലൻസ് അനുവദിച്ചിരുന്നത്.
മുഖത്തല ബ്ലോക്ക് പഞ്ചായത്തി െ ന്റയും നെടുമ്പന പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള സിപിഎം അംഗങ്ങൾ ഉൾപ്പെട്ട ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മറ്റിയുടെയും ആംബുലൻസ് വേണ്ടെന്ന തീരുമാനം നേരത്തെ നെടുമ്പനയിൽ വിവാദമാവുകയും ഇതിനെതിരെ പ്രതിഷേധം ഉടലെടുക്കുകയും ചെയ്തിരുന്നു.
പ്രതിഷേധം ശക്തമായതോടുകൂടി പൊതുസമൂഹത്തിനു മുന്നിൽ ആംബുലൻസ് വേണ്ട എന്ന് തീരുമാനമെടുത്തിട്ടില്ലെന്ന് മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പരസ്യമായി തിരുത്തുകയുണ്ടായി. എന്നാൽ ഒന്നരവർഷം കഴിഞ്ഞിട്ടും ആംബുലൻസ് എടുക്കാതെ എംഎൽഎയുടെ വികസന ഫണ്ട് നഷ്ടപ്പെടുത്തുകയാണ് ഉണ്ടായത്. ഇതേ തുടർന്നാണ് നെടുമ്പനയിലെ ഉമ്മൻചാണ്ടി ഫൗണ്ടേഷൻ നെടുമ്പനയ്ക്കായി ആംബുലൻസ് വാങ്ങിയത്.
വാങ്ങിയ ആംബുലൻസ് കഴിഞ്ഞദിവസം പി.സി. വിഷ്ണുനാഥ് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു നാടിന് സമർപ്പിച്ചു. നൂറുകണക്കിന് ആളുകളുടെ ശക്തിപ്രകടനത്തോടുകൂടിയാണ് ആംബുലൻസ് സമർപ്പണ പരിപാടി നെടുമ്പനയിലെ കോൺഗ്രസ് പ്രവർത്തകർ നടത്തിയത്. നെടുമ്പന തൈക്കാവ് മുക്കിൽ നിന്നും ആരംഭിച്ച പ്രകടനം കുളപ്പാടം ജംഗ്ഷനിൽ ആണ് സമാപിച്ചത്.
ഡിസിസി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടത്തിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ പി.സി. വിഷ്ണുനാഥ് എംഎൽഎ ആംബുലൻസി െ ന്റ ഫ്ലാഗ് ഓഫ് കർമം നിർവഹിച്ചു. പൊതുസമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്തു.
എഐസിസി അംഗം ഷാനിമോൾ ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തി. പാർട്ടിയിലേക്ക് പുതുതായി കടന്നുവന്ന നൂറോളം പേരെ ഡിസിസി പ്രസിഡന്റ് രാജേന്ദ്രപ്രസാദ് അംഗത്വം നല്കി സ്വീകരിച്ചു.രാഷ്ട്രീയ ലക്ഷ്യം വെച്ചുകൊണ്ട് ആംബുലൻസ് മാത്രമല്ല ഹൈമാസ്റ്റ് ലൈറ്റുകളും എംപിയുടെ വികസന പ്രവർത്തനങ്ങളും നെടുമ്പന പഞ്ചായത്ത് ഭരണസമിതി മുടക്കുകയാണെന്നും വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഇതിനെതിരെയുള്ള ജനരോഷം പ്രകടമാകുമെന്നും പി.സി. വിഷ്ണുനാഥ് എംഎൽഎ പറഞ്ഞു.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ. എൽ. നിസാമുദീൻ, വിഷ്ണു സുനിൽ പന്തളം, ഡിസിസി ജനറൽ സെക്രട്ടറി ആനന്ദ് ബ്രഹ്മാനന്ദ്, ഡിസിസി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം എ. നാസിമുദീൻ ലബ്ബ, ഡിസിസി അംഗം ഇ. ആസാദ്, കുരീപ്പള്ളി സലിം, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ ുമാരായ ആസാദ് നാല്പങ്ങൾ, ബിജു പഴങ്ങാലം, നിസാർ പാലവിള, കെ. ആർ. സുരേന്ദ്രൻ, ഗോപകുമാർ, ശരി കോണം സുധീർ തുടങ്ങിയവർ പ്രസംഗിച്ചു.