ആനാഞ്ചാൽ നടപ്പാലത്തിന് 1.62 കോടിയുടെ അനുമതി
1595704
Monday, September 29, 2025 6:27 AM IST
ചാത്തന്നൂർ: ഇത്തിക്കരയാറ്റിൽ ആനാഞ്ചാൽ കടവിൽ നടപ്പാലം നിർമ്മാണത്തിനായി 1.62 കോടി രൂപയുടെ പുതിയ ഭരണാനുമതി ലഭിച്ചതായി ജി.എസ്. ജയലാൽ എംഎൽഎ.നേരത്തെ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ആനാ ഞ്ചാൽ കടവിൽ നടപ്പാലം നിർമിക്കുന്നതിന് തുക അനുവദിച്ച് ഭരണാനുമതി നൽകിയിരുന്നു.
പിന്നീട് ആനാഞ്ചാൽ നടപ്പാലത്തിന്റെ ഡിസൈനിലും എസ്റ്റിമേറ്റിലും അനിവാര്യമായ മാറ്റങ്ങൾ വരുത്തേണ്ടിവന്നു. എസ്റ്റിമേറ്റ് തുക വർധിച്ച സാഹചര്യത്തിൽ , എംഎൽ എ യുടെ നിർദ്ദേശപ്രകാരം 2025-26 വർഷത്തിൽ ചാത്തന്നൂർ മണ്ഡലത്തിലേക്ക് അനുവദനീയമായ ബജറ്റ് പ്രവൃത്തികളിൽ ഉൾപ്പെടുത്തുകയും ആയതിന് ഇപ്പോൾ പുതിയ ഭരണാനുമതി ലഭിച്ചിരിക്കുകയുമാണ്.
ചാത്തന്നൂരിനെയും ആദിച്ചനല്ലൂരിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ആനാംഞ്ചാൽ കടവിലെ നടപ്പാലം. ആനാഞ്ചാൽ കടവിൽ ഒരു നടപ്പാലമെന്ന ആവശ്യം ചാത്തന്നൂർ ആദിച്ചനല്ലൂർ പ്രദേശങ്ങളിലെ പൊതുജനങ്ങളുടെ ദീർഘനാളായുള്ള ആവശ്യമായിരുന്നു.
ഞവരൂർകടവിൽ പാലം നിർമിക്കുന്നതിനും കുമ്മല്ലൂരിൽ പുതിയ പാലം നിർമ്മിക്കുന്നതിനും നിലവിൽ ടെൻഡറുകൾക്ഷണിച്ചിരിക്കുകയാണ്. അതോടൊപ്പമാണ് ഇപ്പോൾ ആനാഞ്ചാൽ കടവ് നടപ്പാലത്തിനും ഭരണാനുമതിയായിട്ടുള്ളത്.