ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി അഞ്ചാം സ്ഥാപക ദിനാഘോഷം
1595911
Tuesday, September 30, 2025 6:52 AM IST
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ സ്ഥാപകദിനാഘോഷങ്ങൾ ഒക്ടോബർ രണ്ടിനു രാവിലെ 10 ന് മന്ത്രി ഡോ.ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.എൻ. ബാലഗോപാൽ മുഖ്യാതിഥിയായിരിക്കും. ഈ അധ്യയന വർഷം ആരംഭിക്കുന്ന എംബിഎ, എംസിഎ പ്രോഗ്രാമുകളുടെ ഔദ്യോഗിക പ്രഖ്യാപനം, പുതിയ അക്കാദമിക് പ്രോഗ്രാമുകളുടെ പ്രഖ്യാപനം, നിർമിത ബുദ്ധിയുടെ സഹായത്താൽ അധ്യയനം നടത്താൻ കഴിയുന്ന ഡിജി ഗുരു പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം എന്നിവ മന്ത്രി നിർവഹിക്കും.
കൊല്ലം കുരീപ്പുഴയിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ കൊല്ലം മുണ്ടയ്ക്കലിൽ ഉയരുന്ന ആസ്ഥാനമന്ദിരത്തിന്റെ മാസ്റ്റർ പ്ലാൻ മന്ത്രി അനാച്ഛാദനം ചെയ്യും.
എസ്എൽഎം ഡയറക്ട് എന്ന പദ്ധതി മേയർ ഹണി ബെഞ്ചമിൻ ഉദ്ഘാടനം ചെയ്യും. കവികുരീപ്പുഴ ശ്രീകുമാർ രചിച്ച് സംഗീത സംവിധായകൻ എം. ജയചന്ദ്രൻ ഈണം നൽകിയ സർവകലാശാല ഗീതത്തിന്റെ പ്രകാശനം എൻ. കെ. പ്രേമചന്ദ്രൻ എംപി നിർവഹിക്കും. മുകേഷ് എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിക്കും.
ഡോ. ബി. ആർ. അംബേദ്കർ ഓപ്പൺ യൂണിവേഴ്സിറ്റി, ഹൈദരബാദ് വൈസ് ചാൻസിലർ ഡോ. ഗണ്ഠ ചക്രപാണി ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും. ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പുറത്തിറക്കുന്ന സുവനീർ എൽ. നൗഷാദ് എംഎൽഎ പ്രകാശനം ചെയ്യും.
ഓപ്പൺ സർവകലാശാല പ്രഥമ വൈസ് ചാൻസിലർ ഡോ.പി. എം. മുബാറക് പാഷാ പങ്കെടുക്കും. പഠനത്തോടൊപ്പം സമ്പാദ്യം എന്ന പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി. കെ. ഗോപൻ നിർവഹിക്കും.
പത്രസമ്മേളനത്തിൽ വൈസ് ചാൻസിലർ പ്രഫ. ഡോ.ജഗതി രാജ്, സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. വി. പി. പ്രശാന്ത്, ഡോ. എം. ജയപ്രകാശ്, .ഡോ.പി.പി.അജയകുമാർ, ഡോ.സി. ഉദയകല, അഡ്വ. ജി. സുഗുണൻ, ഡോ. റെനി സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.