ദേവരാജ മ്യൂസിയം നാടിന് സമർപ്പിച്ചു
1595700
Monday, September 29, 2025 6:27 AM IST
പരവൂർ: ചലച്ചിത്രഗാന രംഗത്ത് ശുദ്ധ സംഗീതത്തിന്റെ ഇലഞ്ഞിപ്പൂമണം ആസ്വാദകരുടെ ഇന്ദ്രിയങ്ങളിലേക്ക് പടർത്തിയ ജി. ദേവരാജൻ മാസ്റ്ററുടെ സ്മരണാർഥമുള്ള മ്യൂസിയം നാടിന് സമർപ്പിച്ചു.
ഒരു സംഗീതോപാസകന്റെ ജീവത രേഖ അതിന്റെ തനിമയും പൊലിമയും ഒട്ടും ചോരാതെ അനാവരണം ചെയ്താണ് മ്യൂസിയം ചിട്ടപ്പെടുത്തിയിട്ടുള്ളത്.ഒല്ലാൽ റെയിൽവേ ഗേറ്റിന് സമീപത്തെ ഫൈൻ ആർട്സ് സൊസൈറ്റിയുടെ ആസ്ഥാന മന്ദിരത്തിന്റെ ഒന്നാം നിലയിലാണ് അവിസ്മരണീയമായ അനേകം ഗാനങ്ങളിലൂടെ സമ്പന്നമാക്കിയ മാസ്റ്ററുടെ പേരിലുള്ള മ്യൂസിയവും പഠന ഗവേഷണ കേന്ദ്രവും പ്രവർത്തിക്കുക.
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്ന് എത്തിയ നൂറുകണക്കിന് സംഗീതപ്രേമികളെ സാക്ഷി നിർത്തി മാഷിന്റെ പ്രിയ പത്നി പെരുന്ന ലീലാമണിയാണ് മ്യൂസിയത്തിന്റെ കവാടം കലാകൈരളിക്കായി തുറന്ന് കൊടുത്തത്.
ദേവരാജൻ മാസ്റ്ററും പരവൂർ ഫൈൻ ആർട്സ് സൊസൈറ്റി ഭാരവാഹികളും തമ്മിലുള്ള ഇഴപിരിയാത്ത ആത്മബന്ധത്തിന്റെെ ഉത്തമ ഉദാഹരണമാണ് മ്യൂസിയമെന്ന് ലീലാമണി ചൂണ്ടിക്കാട്ടി.
പതിറ്റാണ്ടുകൾ നീണ്ട ഇടവേളയ്ക്ക് ശേഷം മാസ്റ്റർ ജന്മനാടായ പരവൂരിൽ എത്തിയപ്പോൾ ഇരുകൈയും നീട്ടി സ്ഥീകരിച്ചതും ആദരവ് അർപ്പിച്ചതും ഫൈൻ ആർട്സ് സൊസൈറ്റിയാണ്.
പിന്നീട് മാഷ് നിദേശിച്ച പല കാര്യങ്ങളും അദ്ദേഹത്തിന്റെ ഇഷ്ടപ്രകാരം ഫാസ് വളരെ ഭംഗിയായി നിർവഹിച്ചുവെന്നും അവർ പറഞ്ഞു.ആ വിശ്വാസത്തിൻ്റെ അടിത്തറയിലാണ് ഞങ്ങൾ അമൂല്യ നിധിയായി സൂക്ഷിച്ചിരുന്ന മാഷ് കൈകാര്യം ചെയ്തിരുന്ന സംഗീത ഉപകരണങ്ങൾ ഉൾപ്പെടെയുള്ളവ മ്യൂസിയം നിർമാണത്തിനായി ഫാസിന് കൈമാറാൻ തീരുമാനിച്ചത്.
അത് വളരെ ഉചിതമായ രീതിയിൽ തന്നെ ക്രമീകരിച്ചതിൽ ഫാസിന്റെ ഭാരവാഹികളെയും അണിയറ പ്രവർത്തകരെയും അവർ അഭിനന്ദിക്കുകയും ചെയ്തു. തുടർന്ന് മ്യൂസിയം പൂർണമായും നോക്കിക്കണ്ട ശേഷമാണ് മാസ്റ്ററുടെ കുടുംബാംഗങ്ങൾ മടങ്ങിയത്.
ഉദ്ഘാടന ചടങ്ങിൽ ജി.എസ്.ജയലാൽ എംഎൽഎ, നഗരസഭ ചെയർപേഴ്സൺ പി. ശ്രീജ, വൈസ് ചെയർമാൻ എ. സഫർ ഖയാൽ , ടി.സി. രാജു, കൊല്ലം ബി.മധു, നെടുങ്ങോലം രഘു, കെ. സേതുമാധവൻ, എൻ.സദാനന്ദൻ പിള്ള, അഡ്വ.കിഴക്കനേല സുധാകരൻ എന്നിവർ പ്രസംഗിച്ചു.
പരവൂർ ഫൈൻ ആർട്സ് സൊസൈറ്റി 40 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് മ്യൂസിയം നിർമാണം പൂർണതയിലെത്തിച്ചത്. പുതിയ തലമുറയിലെ സംഗീത വിദ്യാർഥികൾക്ക് ഗവേഷണ വിഷയമാക്കാനുള്ള നിരവധി വസ്തുക്കൾ മ്യൂസിയത്തിൽ ഇതിനകം ഒരുക്കിയിട്ടുണ്ട്.