മോഷണക്കേസ് പ്രതികൾ വിലങ്ങുമായി രക്ഷപ്പെട്ടു
1595697
Monday, September 29, 2025 6:27 AM IST
അഞ്ചൽ: തെളിവെടുപ്പിന് കൊണ്ട് പോയി മടങ്ങി വരുന്നതിനിടെ പോലീസിനെ കബളിപ്പിച്ച് കൈവിലങ്ങുമായി പ്രതികൾ ഓടി രക്ഷപ്പെട്ടു. പാലോട് പോലീസ് സ്റ്റേഷനിലെ മോഷണക്കേസിലെ പ്രതികളായ അയ്യൂബ് ഖാൻ, സെയ്തലവിഎന്നിവരാണ് പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടി രക്ഷപെട്ടത്.
ഇന്നലെ പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. കൊല്ലം കടയ്ക്കൽ ചുണ്ട ചെറുകുളത്തിന് സമീപം എത്തുമ്പോൾ പ്രതികൾ മൂത്രം ഒഴിക്കണമെന്ന് പറയുകയായിരുന്നു. തുടർന്ന് വാഹനത്തിൽ നിന്ന് പുറത്തിറക്കിയ അയ്യൂബ് ഖാനും സെയ്തലവിയും വിലങ്ങുമായി ഓടി രക്ഷപ്പെടുകയായിരുന്നു.
അന്വേഷണം ഊർജിതം
കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. ഇന്നലെ പുലര്‍ച്ചെയാണ് ചുണ്ട ചെറുകുളം ഭാഗത്ത് വച്ച് മോഷണ കേസിലെ പ്രതികളായ അയൂബ് ഖാന്, മകന് സെയ്തലവി എന്നിവര്‍ പോലീസ് കസ്റ്റഡിയില്‍ നിന്നും ചാടി രക്ഷപ്പെട്ടത്. പിന്നീട് രാത്രി വൈകിയും ഇടവേളകള്‍ ഇല്ലാതെ പോലീസിന്റെ പരിശോധന തുടരുകയാണ്. പ്രതികള്‍ എത്താന്‍ സാധ്യതയുള്ള ആളൊഴിഞ്ഞ പ്രദേശങ്ങള്‍ തോട്ടങ്ങള്‍, വീടുകള്‍, കോട്ടുക്കല്കൃഷി ഫാം ഉള്‍പ്പടെയുള്ള ഇടങ്ങളില്‍ വ്യാപകമായ തെരച്ചിലാണ് പോലീസ് നടത്തിവരുന്നത്.
ഡ്രോണുകള്‍ എത്തിച്ച് പരിശോധന
നാട്ടുകാരും പൊതുപ്രവര്‍ത്തകരും തെരച്ചിലില്‍ പോലീസിനൊപ്പം കൂടി. ഉച്ചയോടെ ഡ്രോണുകള്‍ എത്തിച്ചും വ്യാപകമായ പരിശോധന നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. വൈകുന്നേരം കൊല്ലത്ത് നിന്നും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മുമ്പ് സ്വകാര്യ ബസില്‍ ക്ലീനര്‍ ജോലി ചെയ്തിരുന്ന അയൂബ് ഖാന് പ്രദേശങ്ങളെ കുറിച്ച് വ്യക്തമായി അറിയാന്‍ കഴിയുമെന്ന് പോലീസ് വിശ്വസിക്കുന്നു.
ഒപ്പം തന്നെ ഇരുകൈകളിലും വിലങ്ങുമായി അധിക ദൂരം ഒരുമിച്ച് ഓടാന്‍ കഴിയില്ല എന്നും പോലീസ് കരുതുന്നു. അവശനായ ഒരാളെ ഒപ്പമുണ്ടായിരുന്ന യുവാവ് പിടിച്ച് കൊണ്ടുപോകുന്നതായി കോട്ടുക്കല്‍ ഭാഗത്തുള്ള ഒരു സ്ത്രീ പോലീസിനെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കോട്ടുക്കല്‍ കൃഷി ഫാമില്‍ പോലീസ് തെരച്ചി നടത്തിയത്.
പ്രതികള്‍ അധിക ദൂരം സഞ്ചരിക്കാന്‍ ഇടയില്ലെന്നും ഫാമിനുളിലോ സമീപത്തെ ആളൊഴിഞ്ഞ മറ്റേതെങ്കിലും ഭാഗത്തോ ഉണ്ടാകാം എന്ന നിഗമനത്തില്‍ ത്തന്നെയാണ് പോലീസ് രാത്രി വൈകിയും തെരച്ചില്‍ നടത്തുന്നത്. തിരുവനന്തപുരം റൂറല്‍ ജില്ലയിലെ പോലീസിനൊപ്പം കൊല്ലം റൂറല്‍ പോലീസും തെരച്ചിലില്‍ പങ്കാളികളായിട്ടുണ്ട്. വിവിധ സംഘങ്ങളായി തിരിഞ്ഞുകൊണ്ടു നാട്ടുകാരുടെ കൂടി സഹകരണത്തോടെയുള്ള തെരച്ചിലാണ് ഇപ്പോള്‍ നടക്കുന്നത്. പ്രതികളില്‍ ഒരാള്‍ കൈയില്‍ നിന്നും വിലങ്ങ് അഴിച്ചു മാറ്റിയതയുള്ള സംശയവും പോലീസിനുണ്ട്.