പ്രതികള്‍ രക്ഷപ്പെട്ടതില്‍ അടിമുടി ദുരൂഹത
1596176
Wednesday, October 1, 2025 5:51 AM IST
അഞ്ചല്‍ : പോലീസ് കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ കവര്‍ച്ചാ കേസുകളിലെ പ്രതികളായ അയൂബ് ഖാന്, മകന് സെയ്തലവി എന്നിവരെ 48 മണിക്കൂറിലധികം നീണ്ട തെരച്ചിലിനൊടുവില്‍ പിടികൂടാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് പോലീസ്. പക്ഷേ ചാടിപ്പോയ പ്രതികള്‍ വയനാട്ടിലെ മാനന്തവാടിയില്‍ നിന്നും വീണ്ടും പിടിയിലാകുമ്പോള്‍ ഇക്കാര്യത്തില്‍ അടിമുടി ദുരൂഹത തുടരുകയാണ്.
ശനിയാഴ്ച പുലര്‍ച്ചയോടെയാണ് കോട്ടുക്കല്‍ ചൂണ്ട ചെറുകുളം ഭാഗത്തുനിന്നും പ്രതികള്‍ രക്ഷപ്പെടുന്നത്. ഈസമയം മുതല്‍ തിങ്ക്ളാഴ്ച വൈകുന്നേരം വരെ കടയ്ക്കല്‍ പാലോട് പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞു നാട്ടുകാരുടെ സഹായത്തോടെ നടത്തിയത് വലിയ പരിശോധന.
പ്രതികളെ കിട്ടാതെ വന്നതോടെ സിസിടിവി പരിശോധനയും ആരംഭിച്ചു. തുടക്കം മുതല്‍ പോലീസ് പറഞ്ഞിരുന്നതു കൈവിലങ്ങോടെയാണ് പ്രതികള്‍ രക്ഷപ്പെട്ടതെന്നായിരുന്നു. ഇങ്ങനെയാണെങ്കില്‍ പ്രതികള്‍ക്ക് അധിക ദൂരം സഞ്ചരിക്കാന്‍ കഴിയില്ലന്നും പോലീസ് വിശ്വസിച്ചു. ഈ വിശ്വാസത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് പ്രതികള്‍ റോഡിലൂടെ നടന്നു പോകുന്നത് ആദ്യം തന്നെ കണ്ടെത്തി.
പക്ഷേ ഇവരുടെ കൈകളില്‍ വിലങ്ങ് ഉണ്ടായിരുന്നില്ല എന്നു മാത്രമല്ല ധരിച്ചിരുന്ന വസ്ത്രങ്ങളും വേറെയായിരുന്നു. ഇതോടെ പോലീസ് ഇതു പ്രതികള്‍ ആകില്ലെന്ന നിഗമനത്തില്‍ ആദ്യം എത്തി.
എന്നാല്‍ കൂടുതല്‍ ഇടങ്ങളിലെ പരിശോധനയില്‍ കുറച്ചുകൂടി വ്യക്തമായ ദൃശ്യങ്ങള്‍ പോലീസിനു ലഭിക്കുകയും ചിലയിടങ്ങളില്‍ പ്രതികള്‍ മുഖം മറയ്ക്കുന്നതും കണ്ടെത്തി. പ്രതികള്‍ പ്രധാന റോഡിലൂടെ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായതോടെ പോലീസിന്റെ വാദങ്ങള്‍ പൊളിയുകയാണ്.
കൈവിലങ്ങോടെയാണ് പ്രതികള്‍ രക്ഷപ്പെട്ടതെങ്കില്‍ രക്ഷപ്പെട്ട ഉടന്‍ ഇവരുടെ വിലങ്ങുകള്‍ എങ്ങനെ അപ്രത്യക്ഷമായി എന്ന ചോദ്യം പ്രസക്തമാകുന്നു. പ്രതികള്‍ രക്ഷപ്പെട്ടപ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ മാറ്റി പാകമായ മറ്റു വസ്ത്രങ്ങള്‍ എവിടെ നിന്നും കിട്ടി. വസ്ത്രങ്ങള്‍ നഷ്ടമായതു സംബന്ധിച്ച പരാതികള്‍ ഒന്നും നിലവില്‍ പോലീസിന് ലഭിച്ചിട്ടില്ല.
പ്രതികള്‍ പുറത്തേയ്ക്കും രക്ഷപെടാന്‍ സാധ്യത ഏറെയാണ് എന്നറിഞ്ഞിട്ടും അത്തരത്തിലുള്ള ഒരു പരിശോധനയ്ക്കു പോലീസ് എന്തുകൊണ്ട് തയാറായില്ല എന്നതും ദുരൂഹമാണ്. വയനാട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തുകൊണ്ടുവരവേ സെയ്തലവി കൈ വേദനിക്കുന്നുവെന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പോലീസ് വിലങ്ങ് അയവു ചെയ്തു നല്‍കിയിരുന്നു. ഈ പഴുതുപയോഗിച്ച് ഇയാള്‍ വിലങ്ങ് കൈയില്‍ നിന്നും ഊരിയേക്കാം എന്ന് പോലീസ് കരുതുന്നു.
അങ്ങനെയെങ്കില്‍ അയൂബ് ഖാന്റെ കൈയില്‍ വിലങ്ങ് കാണേണ്ടതല്ലേ. നാട്ടുകാരുടെ ഈ ചോദ്യങ്ങള്‍ക്കെല്ലാം പോലീസിനു മറുപടി നല്‍കേണ്ടിവരും. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിലൂടെ ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പാലോട് പോലീസ്.
കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതികളായ ഇരുവരെയും കസ്റ്റഡിയില്‍ എടുത്തുകൊണ്ടുവരുന്നതില് പോലീസ് സംഘം കാര്യമായ ജാഗ്രത പുലര്‍ത്തിയിരുന്നില്ല എന്നാണ് സ്പെഷല്‍ ബ്രാഞ്ച് അടക്കം കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ സംഘത്തിലുണ്ടായിരുന്ന എസ്ഐ ഉള്‍പ്പടെയുള്ള പോലീസുകാര്‍ക്കെതിരെ കടുത്ത നടപടികള്‍ ഉണ്ടായേക്കുമെന്നാണ് സൂചനകൾ.
പി. സനില്‍കുമാര്‍