പോലീസ് കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ പ്രതികളെ പിടികൂടാനായില്ല
1595929
Tuesday, September 30, 2025 6:52 AM IST
അഞ്ചല്‍ : പോലീസ് കസ്റ്റഡിയില്‍ നിന്നും കൈവിലങ്ങുമായി ചാടിപ്പോയ പ്രതികളെ രണ്ടു ദിവസം പിന്നിടുമ്പോഴും കണ്ടെത്താനാകാതെ ഇരുട്ടില്‍ തപ്പുകയാണ് പോലീസ്.
വഞ്ചിയൂര്‍ സ്വദേശിയായ അയൂബ് ഖാന്, ഇയാളുടെ മകന് സെയ്താലവി എന്നിവരാണ് കഴിഞ്ഞദിവസം പുലര്‍ച്ചയോടെ കടയ്ക്കല്‍ പോലീസ് സ്റ്റേഷന് പരിധിയിലെ ചുണ്ട ചെറുകുളം ഭാഗത്തുനിന്നും രക്ഷപ്പെട്ടത്. പാലോട് ജംഗ്ഷനിലെ എട്ടോളം വ്യാപാര സ്ഥാപനങ്ങളില്‍ കവര്‍ച്ച നടത്തിയ ശേഷം ഒളിവില്‍ പോയ ഇരുവരെയും വയനാട് സുല്‍ത്താന്‍ബത്തേരിയില്‍ നിന്നും പിടികൂടി പാലോട് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരവേയാണ് തന്ത്രപരമായി പ്രതികള്‍ രക്ഷപ്പെടുന്നത്.
കടയ്ക്കല്‍ എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ കടയ്ക്കല്‍ പാലോട് പോലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള പോലീസുകാര്‍ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് ഇന്നലെയും തെരച്ചില്‍ നടത്തിയത്.
കഴിഞ്ഞദിവസം കോട്ടുക്കല്‍ കൃഷിഫാമിലെ ഏക്കര്‍കണക്കിനു സ്ഥലം നാട്ടുകാരുടെ കൂടി സഹായത്തോടെ അരിച്ചുപെറുക്കിയെങ്കിലും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പോലീസ് പരിശോധന കൂടാതെ ഡ്രോണ്‍, ഡോഗ് സ്ക്വാഡ് എന്നിവയുടെ സഹായവും പോലീസ് തേടി. സ്ഥലത്ത് പരിശോധന നടത്തിയ പോലീസ് നായ മണം പിടിച്ച് കോട്ടുക്കല്‍ കൃഷി ഫാമിനു സമീപത്തുകൂടി വയലാ റോഡിലാണ് എത്തിയത്. ഇതിലൊന്നും ഫലമില്ലാതെ വന്നതോടെ രാത്രിയും പകലുമായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു.
പക്ഷേ ചാടിപോയവരെകുറിച്ചു മാത്രം യാതൊരുവിധ തുമ്പും ലഭിട്ടില്ല. അവശനായ ഒരാളെ യുവാവ് താങ്ങിയെടുത്ത് കൊണ്ടുപോകുന്നതു കണ്ടുവെന്ന സ്ത്രീയുടെ മൊഴിയെ തുടര്‍ന്നാണ് പോലീസ് കോട്ടുക്കല്‍ കൃഷി ഫാമില്‍ വ്യാപകമായ പരിശോധന നടത്തിയത്.ഇരുവരെയും ചേര്‍ത്ത് കൈവിലങ്ങിട്ടിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
പലതവണ പ്രതികളില്‍ ഒരാള്‍ കൈവേദനിക്കുന്നു എന്നു പറയുകയും വിലങ്ങു ലൂസ് ചെയ്തു നല്‍കിയതായും പോലീസ് വ്യക്തമാക്കി. ഇത് ഒരുപക്ഷേ വിലങ്ങ് കൈയിൽ നിന്നും ഊരുന്നതിനാകാമെന്നും പോലീസ് സംശയിക്കുന്നുണ്ട്. അയൂബ് മുമ്പ് താമസിച്ചിരുന്ന കുളത്തൂപ്പുഴ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. സ്വകാര്യ ബസിലെ ക്ലീനറായി ജോലി ചെയ്തിരുന്ന അയൂബിന് സ്ഥലങ്ങളെ കുറിച്ചു വ്യക്തമായ ധാരണയുള്ളയാളാണ്.
ഒരുപക്ഷേ രക്ഷപ്പെട്ട പ്രതികള്‍ പുലര്‍ച്ചെ തന്നെ ഏതെങ്കിലും വാഹനത്തില്‍ പ്രദേശത്തുനിന്നു കടന്നിട്ടുണ്ടാകാം എന്നും പോലീസ് സംശയിക്കുന്നു. അതേസമയം തന്നെ പ്രതികളുമായി പാലോട് എസ്ഐ ഉള്‍പ്പെടെ നാലു പോലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടി ഉടന്‍ ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.