കൊല്ലം റെയിൽവേ സ്റ്റേഷൻ പുനര്‍നിര്‍മാണം: 2026ല്‍ പൂര്‍ത്തിയാകും
1596182
Wednesday, October 1, 2025 5:51 AM IST
കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷന് പുനര്‍നിര്‍മാണം 2026 ല്‍ തന്നെ പൂര്ത്തിയാക്കുന്നവണ്ണം പ്രവര്‍ത്തികള്‍ ത്വരിതഗതിയില്‍ പുരോഗമിച്ചു വരുന്നതായി എന്‍.കെ. പ്രേമചന്ദ്രന് എംപി അറിയിച്ചു.
ദക്ഷിണ റയില്‍വേ കണ്‍സ്ട്രക്ഷന്‍ വിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഓം പ്രകാശിന്റെ സാന്നിധ്യത്തില്‍ കൊല്ലത്തു ചേര്‍ന്ന അവലോകന യോഗത്തിനു ശേഷമാണ് വിവരം അറിയിച്ചത്. 396 കോടി രൂപയുടെ പദ്ധതിയുടെ ഭാഗമായുളള മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് നിര്‍മാണം പൂര്‍ത്തീകരണത്തിലാണ്.
കാമറയും പൈപ്പ് ലൈനും സ്ഥാപിച്ചു കഴിഞ്ഞാല്‍ മള്‍ട്ടിലെവല്‍ പാര്‍ക്കിംഗിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയും. ഒരേ സമയം 375 നാല്ചക്ര വാഹനങ്ങളും 1145 ഇരുചക്രവാഹനങ്ങളുടെ മള്‍ട്ടിലെവല്‍ പാര്‍ക്കിംഗില്‍ ഉള്‍പ്പെടെ പാര്ക്കുചെയ്യാനുളള സൗകര്യമാണ് റെയില്‍വേ സ്റ്റേഷനില്‍ സജ്ജമാക്കുന്നത്.
സൗത്ത് ടെര്‍മിനല്‍, നോര്‍ത്ത് ടെര്‍മിനല്‍, സര്‍ഫസ് പാര്‍ക്കിംഗ് എന്നിവിടങ്ങളില്‍ പ്രീമിയം പാര്‍ക്കിംഗ് സൗകര്യം ഉള്‍പ്പെടെയുളള പാര്‍ക്കിംഗിനാണ് സൗകര്യം ഒരുക്കുന്നത്.
ഭിന്നശേഷിക്കാർക്കു പ്രത്യേക സൗകര്യംഅറൈവല് ലോബി, ഡിപ്പാര്‍ച്ചര്‍ ലോബി, ശുചിമുറിയോടു കൂടിയ വെയ്റ്റിംഗ് ഏരിയ, എടിവിഎം കിയോസ്ക്, ക്ലോര്‍ക്ക് റും, മെഡിക്കല്‍ എമര്‍ജന്‍സി ബൂത്ത്, ടൂറിസ്റ്റ് ഫെസിലേറ്റഷന്‍ സെന്റര്‍, പ്രീപെയ്ഡ് ടാക്സി കൗണ്ടര്‍, പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേ, ഇലക്ട്രോണിക് സിഗ്നേജസ്, സാഹയോഗ് ബൂത്ത്, റസ്റ്റോറന്റുകള്‍, മൊബൈല്‍ ചാര്‍ജിംഗ് കിയോസ്ക്, ലിഫ്റ്റുകള്‍, എസ്കലേറ്ററുകള്‍, ബാഗേജ് സ്കാനറുകള്‍, കുടിവെളള ഫൗണ്ടനുകള്‍, ഹോട്ടല്‍ ലോബീസ്, എസി വെയ്റ്റിംഗ് ലോഞ്ചസ്, നോണ്‍ എസി വെയ്റ്റിംഗ് ലോഞ്ചസ് തുടങ്ങി സൗകര്യങ്ങള്‍ യാത്രക്കാര്‍ക്കായി സജ്ജീകരിക്കും.
വനിതകള്‍ക്കും ഭിന്നശേഷികാര്ക്കുമായി പ്രത്യേക സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. എയര്‍ കോണ്‍കോഴ്സ്36 മീറ്റര്‍ വീതിയില്‍ 120 മീറ്റര്‍ നീളത്തില്‍ രണ്ടു ടെര്‍മിനലുകളെയും ബന്ധിപ്പിക്കുന്ന എല്ലാ പ്ലാറ്റ്ഫോമുകളിലും എത്തിചേരാന്‍ കഴിയുന്ന വിമാനതാവളത്തിനു സമാനമായ എയര്‍ കോണ്‍കോഴ്സിന്റെ നിര്‍മ്മാണം ത്വരിതഗതിയില്‍ പുരോഗമിക്കുകയാണ്. പ്ലാറ്റ്ഫോം ഒന്ന് ഒഴികെയുളള സബ് സ്ട്രക്ചറുകള്‍ പൂര്‍ത്തീകരിച്ചു.
പ്ലാറ്റ്ഫോം ഒന്നിലെ നിര്‍മാണം പൂരോഗമിച്ചു വരുന്നു. എയര്കോണ്കോഴ്സില് 650 പേര്‍ക്കും പ്ലാറ്റ്ഫോമില്‍ 500 പേര്‍ക്കും ഇരിക്കുന്നതിനുളള കസേരകള്‍ ഉള്‍പ്പെടെ സൗകര്യം സജ്ജമാക്കും. യാത്രയ്ക്കായി എത്തുന്നവര്‍ക്കും യാത്ര കഴിഞ്ഞ പോകുന്നവര്‍ക്കും വിമാനതാവളത്തിന്റെ മാതൃകയില്‍ പ്രത്യേക വഴികളും സൗകര്യങ്ങളാണ് ഒരുക്കുന്നത്.സുരക്ഷ വർധിപ്പിക്കും വിമാനത്താവളത്തിനു സമാനമായ സൗകര്യങ്ങള്‍ സജ്ജീകരിക്കുമ്പോള്‍ സുരക്ഷാസംവിധാനങ്ങളും വര്‍ധിപ്പിക്കും.
അതിന്റെ ഭാഗമായി കെട്ടിടത്തിന്റെ രൂപകല്‍പ്പനയ്ക്ക് അനുയോജ്യമായ വിധം റെയില്‍വേ കോമ്പൗണ്ട് ചുറ്റുമതില്‍ കെട്ടി സംരക്ഷിക്കുകയും ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ റെയില്‍വേ സ്റ്റേഷനിലെ സുരക്ഷയും വർധിപ്പിക്കും. സൗത്ത് ടെര്‍മിനലിലെ നിര്‍മാണ പ്രവൃത്തികള്‍ എ, ബി ബ്ലോക്കുകളുടെ സബ് സ്ട്രക്ചറുകള്‍ പൂര്‍ത്തിയാക്കി. സി-ബ്ലോക്കിന്റെ സബ് സ്ക്രച്റും സൂപ്പര്‍ സ്ട്രക്ചറും പുരോഗമിച്ചു വരുന്നു. ഡി, ഇ, എഫ് ബ്ലോക്കുകളുടെ പൈലിംഗ് പ്രവൃത്തികള്‍ ത്വരിത ഗതിയില്‍ മുന്നേറുകയാണ്.
24433 സ്ക്വയര്‍ മീറ്ററാണ് സൗത്ത് ടെര്‍മിനല്‍ ബ്ലോക്കിന്റെ വിസ്തൃതി. നോര്‍ത്ത് ടെര്‍മിനല്‍ ബില്‍ഡിംഗിന്റെ കോളം നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. എന്‍.കെ. പ്രേമചന്ദ്രന് എംപിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലും നിര്‍മാണ പ്രവര്‍ത്തികളുടെ പരിശോധനയിലും ദക്ഷിണ റെയില്‍വേ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഓംപ്രകാശ്, ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ (കണ്‍സ്ട്രക്ഷന്‍സ്) ശ്രീകുമാര്‍, ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ (ഇലക്ട്രിക്കല്‍) സന്ദീപ് ജോസഫ്, ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ (സിഗ്നല്‍) എസ്. സുമി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ നാരായണ്‍ നമ്പൂതിരി, റൈറ്റ്സ് ജനറല്‍ മാനേജര്‍ കരുണാനിധി, പ്രോജക്്ട് മാനേജമെന്റ് കണ്‍സള്‍ട്ടന്റ് ടീം ലീഡര്‍ ദാമോദര്‍, സിദ്ധാര്‍ത്ഥ കമ്പനി ഡപ്യുട്ടി ജനറര്‍ മാനേജര്‍ അഭിഷേക് തുടങ്ങി ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.