കളക്ടറേറ്റിൽ ‘പുറംമോടി’ മാത്രം; അകത്ത് കാഴ്ചകൾ അരോചകം
1595703
Monday, September 29, 2025 6:27 AM IST
കൊല്ലം: ജില്ലയുടെ ഭരണ സിരാകേന്ദ്രമായ കളക്ടറേറ്റ് കെട്ടിടത്തിലെ ചുമരുകൾ ചിത്രം വരച്ച് മോടി പിടിപ്പിച്ചെങ്കിലും അകത്തെ കാഴ്ചകൾ അരോചകവും അസഹനീയവും. കളക്ടറേറ്റ് സൗന്ദര്യവത്കരണത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം മന്ത്രി കെ.എൻ. ബാലഗോപാലാണ് നിർവഹിച്ചത്. ചടങ്ങിനെത്തിയ നാട്ടുകാർ കളക്ടറേറ്റിന് ഉള്ളിലെ വൃത്തിഹീനമായ കാഴ്ചകൾ കണ്ട് മൂക്കത്ത് വിരൽവച്ചു.
മാസങ്ങൾക്ക് മുന്പ് മുറിച്ച് മാറ്റിയ മരങ്ങളുടെ കഷണങ്ങളും ശിഖരങ്ങളും വേരുകളുമെല്ലാം പലയിടത്തും അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നു.
ഇവിടം മാസങ്ങളായി ഇഴജന്തുക്കളുടെ താവളമാണെന്ന് കോടതികളിൽ അടക്കമുള്ള ജീവനക്കാർ പറയുന്നു. ഇത് കാരണം വിവിധ ആവശ്യങ്ങൾക്കായി ഇവിടെ എത്തുന്ന നൂറുകണക്കിന് ആൾക്കാരും ഭീതിയിലാണ്.
ഇവർ കടന്നു വരുന്ന വഴികളിലാണ് വൃക്ഷശിഖരങ്ങളും മറ്റും വാഹന പാർക്കിംഗിന് അടക്കം തടസമായി കൂട്ടിയിട്ടിരിക്കുന്നത്. വിഷയം ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഇവ മാറ്റാൻ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.
കളക്ടറേറ്റ് മോടിപിടിപ്പിക്കൽ ചടങ്ങിന് മന്ത്രി എത്തുമെന്ന് അറിയിച്ചിട്ടും പരിസരം വൃത്തിയാക്കുന്ന കാര്യത്തിൽ ജില്ലാ ഭരണകൂടം ബോധപൂർവമായ അനാസ്ഥ കാട്ടിയെന്നാണ് ജീവനക്കാൾ ഉൾപ്പെടെയുള്ളവരുടെ ആക്ഷേപം.