മന്ത്രി ഇടപെട്ടു; കളക്ടറേറ്റ് പരിസരം വൃത്തിയാക്കാൻ നിർദേശം
1595918
Tuesday, September 30, 2025 6:52 AM IST
കൊല്ലം: ജില്ലാ കളക്ടറേറ്റിന് ഉൾവശത്ത് കൂട്ടിയിട്ടിരിക്കുന്ന മരശിഖരങ്ങളും ചപ്പുചവറുകളും മറ്റു മാലിന്യങ്ങളും അടിയന്തരമായി മാറ്റണമെന്നു മന്ത്രി കെ.എൻ. ബാലഗോപാൽ കളക്ടർക്കു നിർദേശം നൽകി.
കളക്ടറേറ്റിലെ ചുമരുകൾ ചിത്രം വരച്ചു മോടി പിടിപ്പിച്ചെങ്കിലും അവിടത്തെ കോമ്പൗണ്ടിൽ നിറയെ മുറിച്ച മരങ്ങളും അവയുടെ അവശിഷ്ടങ്ങളും കൂട്ടിയിട്ടിരിക്കയായിരുന്നു. കളക്ടറേറ്റ് സൗന്ദര്യവത്കരണം ഉദ്ഘാടനം ചെയ്യാൻ മന്ത്രി എത്തിയിട്ടും ഇവ മാറ്റാൻ അധികൃതർ താത്പര്യം കാണിച്ചില്ല.
കളക്ടറേറ്റിന് ഉള്ളിലെ ഈ പരിതാപകരമായ അവസ്ഥ സംബന്ധിച്ച് ദീപിക ഇന്നലെ ചിത്രം സഹിതം വാർത്ത പ്രസിദ്ധീകരിച്ചു.വാർത്ത ശ്രദ്ധയിൽപ്പെട്ട ഉടൻ മന്ത്രി ജില്ലാ കളക്ടർ എൻ. ദേവിദാസിനെ ബന്ധപ്പെട്ട് ഇവ എത്രയും പെട്ടെന്ന് മാറ്റുന്നതിനു നടപടി സ്വീകരിക്കാൻ നിർദേശം നൽകുകയായിരുന്നു. ഇനിയുള്ള മൂന്നു ദിവസം അവധിയായതിനാൽ ഒക്ടോബർ നാലിന് ഇവ പൂർണമായും നീക്കം ചെയ്യാമെന്നു കളക്ടർ മന്ത്രിക്ക് ഉറപ്പ് നൽകുകയും ചെയ്തു.
കളക്ടറേറ്റ് കോമ്പൗണ്ടിലെ മുറിച്ചു മാറ്റിയ വ്യക്ഷങ്ങളുടെ ശിഖരങ്ങൾ വാഹന പാർക്കിംഗിന് അടക്കം തടസമാകുന്ന രീതിയിലാണ് കൂട്ടിയിട്ടിരിക്കുന്നത്. മാത്രമല്ല ഇവിടം ഇഴജന്തുക്കളുടെ താവളമായും മാറി. ഇതു കാരണം രാത്രി ഡ്യൂട്ടിയുള്ള കോടതി ജീവനക്കാരും ട്രഷറിയുടെ സുരക്ഷാ ചുമതലയുള്ള പോലീസുകാരും അടക്കമുള്ളവർ രാത്രി ഭക്ഷണം കഴിക്കാനും മറ്റും പുറത്തുപോയി തിരികെ വരുന്നത് ഭയത്തോടെയാണ്.
കളക്ടറേറ്റ് പരിസരത്ത് പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങളിൽ പാമ്പ് ചുറ്റിയിരുന്ന സംഭവം വരെ അടുത്തിടെ ഉണ്ടായി. വൃക്ഷശിഖരങ്ങൾ എത്രയും പെട്ടെന്നു മാറ്റണമെന്ന് വിവിധ ഓഫീസുകളിലെ ജീവനക്കാർ ആവശ്യപ്പെട്ടെങ്കിലും ഒരു നടപടിയും അധികൃതർ സ്വീകരിച്ചിരുന്നില്ല. ഏതായാലും ഈ വിഷയത്തിൽ മന്ത്രിയുടെ ഇടപെടൽ ഉണ്ടായതിനെ വലിയ ആശ്വാസമായാണ് ജീവനക്കാർ കാണുന്നത്.