വന്യജീവി ആക്രമണം: 101 പരാതിയുമായി മീന്‍കുളം റസിഡന്റ്സ് അസോസിയേഷൻ
1595924
Tuesday, September 30, 2025 6:52 AM IST
അഞ്ചൽ: വന്യജീവി ആക്രമണം ലഘൂകരിക്കുന്നതിനായി സര്‍ക്കാരും വനം വകുപ്പും സംഘടിപ്പിച്ചിട്ടുള്ള തീവ്രയജ്ഞ പരിപാടിയില്‍ 101 പരാതികളുമായി റസിഡന്റ്സ് അസോസിയേഷന്.
അലയമണ്‍ പഞ്ചായത്തിലെ മീന്‍കുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മീന്‍കുളം റസിഡന്റ്സ് അസോസിയേഷനാണ് 101 പരാതികള്‍ നല്‍കിയത്. അഞ്ചല്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസില്‍ നേരിട്ടെത്തി റേഞ്ച് ഓഫീസര്‍ എസ്. ദിവ്യക്കാണ് പരാതികള്‍ നല്‍കിയത്.
ഇതോടൊപ്പം വനം നിയമത്തിലെ ഭേദഗതി, നഷ്ട പരിഹാര വര്‍ധനവ് ഉള്‍പ്പടെ ആവശ്യപ്പെട്ടുകൊണ്ടുള്ള 21 നിര്‍ദേശങ്ങളും റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികള്‍ കൈമാറി.
പരാതികള്‍ കൃത്യമായി പരിശോധിച്ചു ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നു റേഞ്ച് ഓഫീസര്‍ ഉറപ്പ് നല്കി. ഒപ്പം നാട്ടുകാരുടെ ആവശ്യംകൂടി പരിഗണിച്ചു ജനകീയ പങ്കാളിത്തത്തോടെ വിവിധ പരിപാടികള്‍ പഞ്ചായത്തില്‍ നടത്തുമെന്നും അറിയിച്ചു.
കാര്‍ഷിക മേഖലയായിരുന്ന ചണ്ണപ്പേട്ട ,മീന്‍കുളം മേഖലയില്‍ ഇപ്പോള്‍ ഒരു തരത്തിലുള്ള കൃഷിയും സാധ്യമല്ല. മണ്ണിനടിയിലുള്ള കൃഷി പന്നിയും പുറത്തുള്ള കാര്‍ഷിക വിളകള്‍ കുരങ്ങ്, മലയണ്ണാന്, മയില്‍ ഉള്‍പ്പടെയുള്ള വന്യജീവികളും കൊണ്ടുപോവുകയാണെന്നു റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് മാക്സ്മിലൻ പള്ളിപ്പുറത്ത് പറഞ്ഞു.
ഇങ്ങനെ പോയാല്‍ വന്യജീവികളുടെ ആവാസ വ്യവസ്ഥയായി മീന്‍കുളവും പരിസരവും മാറുമെന്നു സെക്രട്ടറി സജീവ് പാങ്ങലംകാട്ടില് വ്യക്തമാക്കി. സോമച്ചൻ പരപ്പാടിയിൽ, ഷീല,മോളി ,വിജയ എന്നിവരുടെ നേതൃത്വത്തിലാണ് പരാതികളും നിര്‍ദേശവും വനം വകുപ്പിന് കൈമാറിയത്.