തിരുമുക്ക് അടിപ്പാത സമരം; ശക്തിപ്പെടുത്താൻ തീരുമാനം
1595928
Tuesday, September 30, 2025 6:52 AM IST
ചാത്തന്നൂർ:തിരുമുക്ക് അടിപ്പാതസമരം ശക്തിപ്പെടുത്താൻ സമരസമിതി തീരുമാനിച്ചു.തിരുമുക്കിലെ അടിപ്പാത ശാസ്ത്രീയമായ പുനർനിർമിക്കണമെന്ന ആവശ്യം ഉന്നയിച്ച് തിരുമുക്ക്അടിപ്പാത സമരസമിതിയുടെ നേതൃത്വത്തിൽ നടത്തിയ ഹർത്താലും മനുഷ്യച്ചങ്ങലയും സർവകക്ഷി യോഗത്തിനും പിന്നാലേ ആരംഭിച്ച റിലേ സത്യഗ്രഹ സമരം12 ദിവസം പിന്നിടുകയാണ്.
സമരസമിതി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരത്തുകയും സമരം ശക്തിപ്പെടുത്താൻ തീരുമാനിക്കുകയും ചെയ്തു.
ഒക്ടോബർ നാലിന് ദേശീയ പാത അഥോറിറ്റിയുടെ കൊല്ലം ജില്ലാ ഓഫീസിനു മുന്നിൽ ധർണ നടത്തും. തുടർന്ന് ദേശീയപാത തിരുവനന്തപുരം റീജ ണൽ ഓഫീസ് മുൻപാകെയും ധർണ സംഘടിപ്പിക്കും. അനുകൂലമായ സമീപനം ഉണ്ടാകാത്ത പക്ഷം സെക്രട്ടേറിയേറ്റിനു മുന്നിലേക്ക് സമരപരിപാടികൾ വ്യാപിപ്പിക്കാനാണ് സമരസമിതി ആലോചിക്കുന്നത്.
ചാത്തന്നൂർ വികസന സമിതി, പരവൂർ പ്രൊട്ടക്ഷൻ ഫാറം, പരവൂർക്കാർക്കുട്ടായ്മ,പരവൂർ യുവജനക്കുട്ടായ്മ എന്നീ സംഘടനകൾ ഉൾപ്പെട്ട തിരുമുക്ക് അടിപ്പാത സമരസമിതിയാണ് യോഗം ചേർന്ന് തീരുമാനമെടുത്തത്. പുതിയ നിർമാണങ്ങളോ കൂട്ടിച്ചേർക്കലുകളോ ദേശീയപാത നിർമാണം പൂർത്തിയാക്കുന്നതിന് കാലതാമസം വരുത്തും എന്നകേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തീരുമാനമാണ് സമരഗതി മാറ്റാൻ നിർബന്ധിതമാക്കിയത്.എംപി,എം എൽ എ, ഉൾപ്പെടെ എല്ലാ ജനപ്രതിനിധികളും എല്ലാ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളും തുടർ സമരങ്ങളിലും പങ്കെടുക്കുമെന്ന് സമരസമിതി ഭാരവാഹികൾ അറിയിച്ചു.
റിലേ സത്യഗ്രഹ സമരവും തുടരുമെന്ന് സമരസമിതി ജനറൽ കൺവീനർ കെ.കെ. നിസാർ അറിയിച്ചു. യോഗത്തിൽ ജി.രാജശേഖരൻ അധ്യക്ഷനായിരുന്നു.പി. കെ.മുരളീധരൻ,സന്തോഷ് പാറയിൽക്കാവ്, ഷൈൻ എസ്. കുറുപ്പ്,രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.
കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചു
ചാത്തന്നൂർ : ദേശീയപാതയിൽ തിരുമുക്ക് അടിപ്പാത അപാകത പരിഹരിച്ച് 45 മീറ്റർ വീതിയിൽ അടിപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ട് തിരുമുക്ക് അടിപ്പാത സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന സത്യാഗ്രഹസമരത്തിന് പിന്തുണ നൽകുവാൻ ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃത്വയോഗം തീരുമാനിച്ചു.
അടിപ്പാത സമര സമിതിയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ടും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 10 ന് ചാത്തന്നൂരിൽ കൂട്ട ഉപവാസം സംഘടിപ്പിക്കാനും തുടർന്ന് ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുവാനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് ബിജുവിശ്വരാജന്റെ അധ്യക്ഷതയിൽ കൂടിയ യോഗം കെപിസിസി അംഗം നെടുങ്ങോലം രഘു ഉദ്ഘാടനം ചെയ്തു. ഡിസി സി ജനറൽ സെക്രട്ടറി സുഭാഷ് പുളിക്കൽ , സിസിലി സ്റ്റീഫൻ, ചാത്തന്നൂർ മുരളി, എസ്.വി ബൈജുലാൽ, കെ.ഷെരീഫ്, ജോൺ ഏബ്രഹാം, അനിൽ മംഗലത്ത് തുടങ്ങിയവർ പ്രസംഗിച്ചു.