നാലാം ക്ലാസുകാരി നിഹാനയുടെ കണ്ണിന്റെ ശസ്ത്രക്രിയ ഇന്ന്
1595923
Tuesday, September 30, 2025 6:52 AM IST
കുണ്ടറ : കണ്ണനല്ലൂർ സ്വദേശിയായ നാലാം ക്ലാസുകാരി നിഹാനയുടെ കണ്ണിന്റെ ശസ് ത്രക്രിയ ഇന്ന് കൊച്ചിയിൽ നടക്കും. കണ്ണിൽ ഒട്ടും തന്നെ വെളിച്ചം ഏൽക്കാൻ പറ്റാത്ത അവസ്ഥയിലേക്കു മാറി കണ്ണ് മൂടിക്കെട്ടി കഴിയുകയായിരുന്നു കുട്ടി. ഒന്പതു മാസം മുമ്പ് പൂച്ചയുടെ നഖക്ഷതമേറ്റ കുട്ടിക്കു വാക്സിനും മറ്റു മരുന്നുകളും നൽകിയതിനെ തുടർന്നാണ് സ്റ്റീവൻ ജോൺസൺ സിൻഡ്രം എന്ന അപൂർവ രോഗം പിടിപെട്ടത്. ഭാരിച്ച ചെലവ് വരുന്ന ചികിത്സയിലായിരുന്നു കുടുംബം.
ചെലവ് താങ്ങാൻ ആവാത്ത കുടുംബത്തെ പറ്റി മാധ്യമങ്ങൾ വാർത്ത ചെയ്തിരുന്നു. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ട കേന്ദ്രമന്ത്രി സുരേഷ് ഗോപി ചികിത്സാ സഹായം ഏറ്റെടുക്കുകയായിരുന്നു. കൊച്ചി ഗിരിധർ ആശുപത്രിയിലാണ് ചികിത്സയും തുടർന്നുള്ള ശസ് ത്രക്രിയയും നടക്കുന്നത്. കഴിഞ്ഞദിവസം പി.സി. വിഷ്ണുനാഥ് എംഎൽഎ ഉദ്ഘാടനം ചെയ്ത ഉമ്മൻചാണ്ടി ജനസേവ ഫൗണ്ടേഷന്റെ ആംബുലൻസിന്റെ കന്നിയോട്ടം നിഹാനയുമായിട്ടായിരുന്നു.
രാവിലെ എട്ടിനു കണ്ണനല്ലൂരിൽ നിന്നും പുറപ്പെട്ടു. ആംബുലൻസ് 12ന് കൊച്ചി ആശുപത്രിയിൽ എത്തി. എല്ലാ വൈദ്യപരിശോധനകൾക്കും ശേഷം ഡോക്ടർമാരായ സായി, വിനയ് എന്നിവരടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലായിരിക്കും ഇന്ന് ശസ്ത്രക്രിയ നടക്കുക.