ബംഗ്ലാദേശ് സ്വദേശിയെ കഴുത്തറുത്ത് കൊന്ന കേസ് : പ്രതികൾക്ക് ജീവപര്യന്തം കഠിനതടവ്
1595930
Tuesday, September 30, 2025 6:52 AM IST
ചാത്തന്നൂർ: ബംഗ്ലാദേശ് സ്വദേശിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയ കേസിലെ പ്രതികൾക്ക് ജീവപര്യന്തം കഠിന തടവും പിഴയും.പശ്ചിമ ബംഗാൾ സ്വദേശികളായ അൻവർ ഇസ്ലാം, ബികാസ് സെൻ എന്നിവരെയാണ് ജീവപര്യന്തം തടവും 5000 രൂപ പിഴയും ശിക്ഷിച്ച് കൊല്ലം നാലാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി സി.എം. സീമ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടി കഠിന തടവ് അനുഭവിക്കണം എന്നും വിധിയിൽ പറയുന്നു.
കണ്ണനല്ലൂരിലെ സ്വകാര്യ കാഷ്യു ഫാക്ടറിയിൽ ബംഗാൾ സ്വദേശി അൽത്താഫ് മിയ എന്ന പേരിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ജോലി ചെയ്തു വന്ന ബംഗ്ലാദേശ് ദുർഗാപുർ സ്വദേശി അബു കലാമാണ് കൊല്ലപ്പെട്ടത്.
അവധി ദിവസങ്ങളിൽ പ്രതികൾ ജോലി ചെയ്യുന്ന മുട്ടയ്ക്കാവിലെ കട്ടക്കമ്പനിയിൽ അബു കലാം ചീട്ടു കളിക്കാൻ എത്തുമായിരുന്നു.
കള്ളക്കളിയിലൂടെ ഇയാൾ പ്രതികളിൽ നിന്ന് പണം അപഹരിക്കുക പതിവായിരുന്നു.ഇതിനിടയിൽ അബ്ദുൾ കലാം പണം സൂക്ഷിക്കുന്നത് അടിവസ്ത്രത്തിലാണെന്ന് പ്രതികൾ രഹസ്യമായി നിരീക്ഷിച്ച് മനസിലാക്കി.
2023 ഡിസംബർ 17ന് രാത്രി പത്തോടെ പ്രതികൾ അബു കലാമിനെ കൂടുതൽ പണം വച്ച് ചീട്ടുകളിക്കുന്ന സ്ഥലം ഉണ്ടെന്ന് പറഞ്ഞ് കട്ട കമ്പനിക്ക് പുറകുവശത്തെ കണ്ടുമൺ ആറിന് സമീപം ആളൊഴിഞ്ഞ പുരയിടത്തിൽ എത്തിച്ചു. തുടർന്ന് പ്രതികൾ ഇരുവരും ചേർന്ന് ഇയാളെ ക്രൂരമായി മർദിച്ച് അവശനാക്കിയ ശേഷം ഷേവിംഗ് ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഇയാളുടെ അടിവസ്ത്രത്തിൽ ഉണ്ടായിരുന്ന മുഴുവൻ പണവും അപഹരിച്ച ശേഷം മൃതദേഹം ഇരുവരും ചേർന്ന് കുണ്ടു മൺ ആറിന് സമീപത്തെ ചെളി നിറഞ്ഞ പ്രദേശത്ത് കുഴിച്ചുമൂടി.
പിന്നീട് കൊലപാതകം നടന്ന സ്ഥലത്തെത്തി പ്രതികൾ രക്തക്കറകളും മറ്റും കഴുകി തെളിവുകൾ നശിപ്പിച്ചു.തുടർന്ന് സംസ്ഥാനം വിടാൻ ശ്രമിക്കവേ കൊട്ടിയം പോലീസ് ആണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
അന്വേഷണ ഭാഗമായി കൊല്ലപ്പെട്ട അബു കലാം കാഷ്യു കമ്പനിയിൽ തിരിച്ചറിയൽ രേഖയിലെ വിലാസം അനുസരിച്ച് ബംഗാളിൽ എത്തിയ പോലീസ് സംഘത്തിന് പ്രസ്തുത വിലാസത്തിലെ ആൾ ജീവിച്ചിരിപ്പുണ്ട് എന്ന് വ്യക്തമായി.
തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് ബംഗ്ലാദേശ് സ്വദേശി അബു കലാമാണെന്നും ഇയാൾ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണ് ജോലിക്ക് എത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് മനസിലായത്.
കേസിന്റെ വിചാരണ വേളയിൽ 44 സാക്ഷികളെ വിസ്തരിച്ചു. 74 രേഖകളും 17 തൊണ്ടി മുലുകളും തെളിവായി ഹാജരാക്കി.പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എ. നിയാസ് കോടതിയിൽ ഹാജരായി. എഎസ്ഐ സാജു ആയിരുന്നു പ്രോസിക്യൂഷൻ സഹായി.