അതുല്യയുടെ മരണം: ഭർത്താവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കി
1595925
Tuesday, September 30, 2025 6:52 AM IST
കൊല്ലം: ചവറ കോയിവിള സ്വദേശി അതുല്യയെ ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവ് സതീഷ് ശങ്കറിന്റെമുന്കൂര് ജാമ്യം കോടതി റദ്ദാക്കി. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എന്‍.വി. രാജുവാണ് ജാമ്യം റദ്ദ് ചെയ്തത്.
ഇതോടെ പ്രതിയായ സതീഷ് ശങ്കര്‍ കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായി. തുടര്‍ന്നു സതീഷിനെ അറസ്റ്റു ചെയ്ത് ജുഡീഷന്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. അവധി ദിനങ്ങൾക്കു ശേഷം കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്കുമെന്നു കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം അറിയിച്ചു. ഇടക്കാലജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈബ്രാഞ്ചാണ് കോടതിയിൽ ഹർജി നല്‍കിയത്.
അതേസമയം കേസില്‍ കൊലപാതകത്തിന് തെളിവുകളില്ലെന്നും പ്രതിക്കെതിരേ ചുമത്തിയ കൊലക്കുറ്റം നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു. ആത്മഹത്യപ്രേരണയ്ക്കുള്ള വകുപ്പാണ് ചുമത്തേണ്ടതെന്നു വ്യക്തമാക്കിയ കോടതി, പ്രോസിക്യൂഷന് ഇതു ചുമത്താതിരുന്നതില്‍ നിരാശ പ്രകടിപ്പിക്കുകയും ചെയ്തു.
ഇന്നലെ വൈകുന്നേരം 4.15-ഓടെയാണ് സതീഷ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ ഹാജരായത്. പ്രതിയുടെ മൊബൈല്‍ഫോണ്‍ വിവരങ്ങളടക്കം അന്വേഷണസംഘം പരിശോധിച്ചു.