മോഷ്ടാവിനെ സ്ത്രീകൾ പിടിച്ചു പോലീസിൽ ഏൽപിച്ചു
1596528
Friday, October 3, 2025 5:59 AM IST
കൊല്ലം: അഞ്ചലിൽ വനിതകൾ നടത്തുന്ന ഹോട്ടലിലെത്തി ഊണ് കഴിച്ച ശേഷം ഹോട്ടലിലെ മൊബൈൽ ഫോൺ മോഷ്ടിച്ചു കടന്നു കളഞ്ഞ ഇതരസംസ്ഥാന തൊഴിലാളിയെ ഹോട്ടൽ നടത്തുന്ന സ്ത്രീകൾ തന്നെ നാലു ദിവസങ്ങൾക്കു ശേഷം അഞ്ചൽ ബസ്റ്റാൻഡിൽ തടഞ്ഞു വച്ചു പോലീസിനെ ഏൽപ്പിച്ചു. പശ്ചിമ ബംഗാൾ സ്വദേശി സിജുറാളിനെയാണ് പിടികൂടി പോലീസിനെ ഏല്പിച്ചത്.
ഇയാളുടെ കൈയിലുണ്ടായിരുന്ന സഞ്ചി പരിശോധിച്ചതിൽ അഞ്ചു മൊബൈൽ ഫോണുകൾ പോലീസ് കണ്ടെത്തി. ഹോട്ടലിൽ നിന്നും മോഷണം പോയ മൊബൈൽ ഫോണും സഞ്ചിയിൽ ഉണ്ടായിരുന്നു. അഞ്ചൽ ബിഎഡ് കോളജിൽ സമീപം വനിതകൾ നടത്തിവരുന്ന തട്ടകം ഹോട്ടലിൽ നിന്നാണ് ഇയാൾ മൊബൈൽ ഫോൺ മോഷ്ടിച്ച് കടന്നു കളഞ്ഞത്.
ഇയാൾ അഞ്ചലിൽ താമസിച്ചു ജോലി ചെയുന്നതിന്റെ മറവിൽ ചില്ലറ മോഷണം നടത്തി വരുന്ന ആളാണെന്നു മനസിലായതായി പോലീസ് പറഞ്ഞു.
തങ്ങളുടെ മൊബൈൽ ഫോൺ മോഷ്ടിച്ച ഇയാളെ തിരക്ക് കഴിഞ്ഞ നാലുദിവസമായി അഞ്ചലിലും പരിസരത്തും തിരഞ്ഞു നടക്കുകയായിരുന്നു ഹോട്ടലുടമകളായ പ്രമീള, ഗിരിജ എന്നിവർ.
അഞ്ചൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും കണ്ടെത്തുകയും ഇയാളെ തടഞ്ഞുവെച്ചു പോലീസിൽ ഏല്പിക്കുകയുമായിരുന്നു