25 ജോഡി നിര്‍ധന യുവതി യുവാക്കള്‍ക്ക് ഗാന്ധിഭവനില്‍ മംഗല്യഭാഗ്യം
1596535
Friday, October 3, 2025 6:02 AM IST
കൊല്ലം: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫിലാഡല്‍ഫിയ പ്രൊവിന്‍സിന്റെ ആഭിമുഖ്യത്തില്‍ പത്തനാപുരം ഗാന്ധിഭവന്റെ സഹകരണത്തോടെ 25 ജോഡി നിര്‍ധന യുവതി യുവാക്കളുടെ വിവാഹം ഗാന്ധിഭവനില്‍ നടന്നു. രാവിലെ ഗാന്ധിഭവനിലെത്തിച്ചേര്ന്ന വധൂവരന്മാരെ വസ്ത്രങ്ങളും ചെരുപ്പുകളും അനുബന്ധ ചമയങ്ങളും ഉള്‍പ്പടെ നല്കി അണിയിച്ചൊരുക്കി.
ഒൻപതോടെ അവരെ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പ്രധാന ഭാരവാഹികൾ ബാന്റ് മേള അകമ്പടിയോടെ ഘോഷയാത്രയായി വിവാഹ ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു. തുടർന്ന് ആയിരങ്ങളെ സാക്ഷിനിര്‍ത്തി 25 ജോഡി കളുടെയും വിവാഹകർമം നടന്നു.
താലിമാല, മോതിരം, വള ഉള്‍പ്പടെയുള്ള സ്വർണാഭരണങ്ങള്‍, യാത്രാചെലവ്, മൂന്നു തരം പായസമടങ്ങിയ വിഭവസമൃദ്ധമായ സദ്യ, പോക്കറ്റ് മണി അടക്കം വധൂവരന്മാര്ക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും നിര്‍വഹിച്ചത് വേള്‍ഡ് മലയാളീ കൗണ്‍സിലിന്റെ ഫിലാഡല്‍ഫിയ പ്രൊവിന്‍സായിരുന്നു.
കൗണ്‍സിലിന്റെ മുപ്പതാമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് സമൂഹ വിവാഹം നടത്തുന്നത്. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്തു.
മന്ത്രി കെ.ബി. ഗണേഷ് കുമാര്‍, കൊടിക്കുന്നില്‍ സുരേഷ് എംപി, എന്‍.കെ. പ്രേമചന്ദ്രന് എം പി, ശൂരനാട് മൗണ്ട് സീനായ് ആശ്രമം സുപ്പീരിയര്‍ റവ. ഗീവര്‍ഗീസ് റമ്പാന്, ജനാബ് തടിക്കാട് സെയ്ത് ഫൈസി, ശുഭാനന്ദാശ്രമം ജനറല്‍ സെക്രട്ടറി ഗീതാനന്ദ സ്വാമി തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലയില്‍ നിന്നുള്ള പ്രമുഖർ നവദമ്പതികള്‍ക്ക് ആശംസകള്‍ നേരാൻ എത്തിയിരുന്നു.
ഗോത്ര വിഭാഗത്തില്‍ നിന്ന് 80 ജോഡി ഉള്‍പ്പടെ 370 നിര്‍ധന യുവതികളുടെ വിവാഹം ഇതിനോടകം പത്തനാപുരം ഗാന്ധിഭവന് നടത്തിയിട്ടുണ്ട്.ചടങ്ങുകള്‍ക്ക് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്മാന് ഗോപാലപിള്ള, ഗ്ലോബല്‍ പ്രസിഡന്റ് ജോണ്‍ മത്തായി, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ക്രിസ്റ്റഫര്‍ വര്‍ഗീസ്, ഫിലാഡെല്‍ഫിയ പ്രസിഡന്റ് നൈനാന് മത്തായി, ഗാന്ധിഭവന് സെക്രട്ടറി പുനലൂര്‍ സോമരാജന് എന്നിവര്‍ നേതൃത്വം നല്കി.