കുരുന്നു വിരലുകളിൽ അക്ഷര സ്പർശം...
1596526
Friday, October 3, 2025 5:59 AM IST
ചവറ : ക്ഷേത്രങ്ങളില്‍ വിജയ ദശമി ആചരണം നടന്നു. അറിവിന്റെ ആദ്യാക്ഷരം കുറിക്കുവാൻ നിരവധി കുരുന്നുകള്‍ ക്ഷേത്രങ്ങളിലെത്തി .രാവിലെ ഏഴിന് ശേഷം വിജയ ദശമി പൂജകള്‍ക്ക് ശേഷം പൂജയെടുപ്പും തുടര്‍ന്ന് കുട്ടികളെ എഴുത്തിനിരുത്തുകയും ചെയ്തു. പൊന്മന കാട്ടില്‍ മേക്കതില്‍ ദേവി ക്ഷേത്രത്തില്‍ ക്ഷേത്രം തന്ത്രി തുറവൂര്‍ പി.ഉണ്ണിക്കൃഷ്ണന്റെ മുഖ്യ കാര്‍മികത്വത്തില്‍ കുട്ടികളെ എഴുത്തിനിരുത്തി.
തേവലക്കര തെക്കന്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ഇഗ്നോ അക്കാദമിക് കൗണ്‍സിലര്‍ ഡോ. ആര്.എസ്. രാജീവ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് റിട്ട. പ്രഫ.രഘുനാഥന്‍പിള്ള എന്നിവര്‍ ആദ്യക്ഷരം പകര്‍ന്നു നല്കി.സോപാന സംഗീതം, പഞ്ചവാദ്യം, പഞ്ചാരി മേളം എന്നിവയുടെ അരങ്ങേറ്റവും നടന്നു.ചവറ കൊറ്റന്‍കുളങ്ങര ദേവി ക്ഷേത്രത്തില്‍ മേല്‍ ശാന്തി ആര് .രഞ്ജിത് നമ്പൂതിരി കുരുന്നുകള്‍ക്ക് ആദ്യക്ഷരം കുറിച്ചു.
പന്മന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ മേല്‍ ശാന്തി മുകേഷ് കുമാര്‍ നമ്പൂതിരി ആദ്യക്ഷരം കുറിപ്പിച്ചു. ചവറ തെക്കുംഭാഗം പനയ്ക്കറ്റോടില്‍ ദേവി ക്ഷേത്രം, ഗുഹാനന്ദപുരം ക്ഷേത്രം, പന്മന മിന്നാം തോട്ടില്‍ ദേവി ക്ഷേത്രം, പന്മന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം എന്നിവടങ്ങളിലും വിജയ ദശമി ഭക്തി പുരസരം ആചരിച്ചു.
ശാസ്താംകോട്ട : രാജഗിരി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിൽ വിജയദശമി ദിവസത്തോട് അനുബന്ധിച്ച് വിദ്യാരംഭ ചടങ്ങുകൾ നടന്നു. ബ്രൂക്ക് ഡയറക്ടർ ഫാ. ഡോ. ജി. എബ്രഹാം തലോത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകി. ശാസ്താംകോട്ടയുടെ വൈജ്ഞാനിക കേന്ദ്രമായ ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിന്റെ വിദ്യാലയമുറ്റത്തായിരുന്നു വിദ്യാരംഭ ചടങ്ങുകൾ ക്രമീകരിച്ചിരുന്നത്.
അമൃതപുരി : സമ്പൂർണ വിജയത്തിന്റെയും പൂർണതയുടെയും പ്രതീകമാണ് വിജയദശമിയെന്ന് മാതാ അമൃതാനന്ദമയി. അധർമത്തിന്റെമേലുള്ള ധർമത്തിന്റെയും അജ്ഞാനത്തിന് മേലുള്ള ജ്ഞാനത്തിന്റെയും വിജയമാണത്. അമൃതപുരി ആശ്രമത്തിൽ നടന്ന വിജയദശമി ദിനസന്ദേശത്തിൽ മാതാ അമൃതാനന്ദമയി പറഞ്ഞു.
വിജയദശമി ദിനത്തിൽ ആശ്രമത്തിലെ പ്രധാന പ്രാർഥനാ ഹാളിൽ ആരംഭിച്ച പരിപാടികളിൽ വിദേശികൾ ഉൾപ്പെടെ ആയിരകണക്കിന് ഭക്തരാണ് പങ്കെടുത്തത്. തുടർന്ന് നടന്ന വിദ്യാരംഭ ചടങ്ങിൽ മാതാ അമൃതാനന്ദമയി നൂറുകണക്കിന് കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു. വിശ്വശാന്തിക്കായുള്ള ധ്യാനം, ഭജന എന്നിവയും തുടർന്ന് നടന്നു. അഞ്ഞൂറിലധികം സംഗീതോപാസകർ അവതരിപ്പിച്ച നാദോപാസന ശ്രദ്ധേയമായി. കലാപരിപാടികളും അരങ്ങേറി.