ഓച്ചിറ കാളകെട്ടുത്സവം ഇന്ന്
1596534
Friday, October 3, 2025 6:02 AM IST
കരുനാഗപ്പള്ളി: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ ഇരുപത്തി എട്ടാം ഓണഘോഷ ഭാഗമായുള്ള ചരിത്ര പ്രസിദ്ധമായ കാളകെട്ടുൽസവം ഇന്ന് നടക്കും. ഓണാട്ടുകരക്കാർ ഒറ്റക്കെട്ടായി പരബ്രഹ്മ സന്നിധിയിലേക്ക് എത്തും. കരുനാഗപ്പള്ളി ,കാർത്തികപ്പള്ളി, മവേലിക്കര താലൂക്കുകളിൽപ്പെട്ട അൻപത്തി രണ്ടു കരകളിൽ നിന്നുള്ള ഇരുനൂറിൽ പരം നന്ദി കേശന്മാരെയാണ് ഓച്ചിറ പടനിലത്ത് ഇന്ന് എത്തിക്കുക.
ഓരോ കരക്കാരും മത്സരബുദ്ധിയോടെ കാളകളെ അണിയിച്ചൊരുക്കുകയും ചെണ്ട-പഞ്ചാരി-പാണ്ടി മേളങ്ങളുടെ അകമ്പടിയോടുകൂടി ആഘോഷപൂര്‍വ്വം ക്ഷേത്രത്തിലേക്ക് ആനയിച്ചു കൊണ്ടു വരുകയുമാണ് ചെയ്യുക. ഇക്കുറിയും തലയെടുപ്പോടുകൂടി ഞക്കനാൽ പടിഞ്ഞാറെക്കരക്കാർ എഴുപത്തിരണ്ട് അടി ഉയരത്തിൽ അണിയിച്ചൊരുക്കുന്ന കാലഭൈരവൻ തന്നെ പടനിലത്തെ പ്രധാന ആകർഷണമായിരിക്കും.
ഒറ്റത്തടിയിൽ നിർമിച്ച മുഖവും, ചട്ടത്തിൽ കെട്ടു കാളയെ ഒരുക്കി വൈക്കോല്‍ പൊതിഞ്ഞു ചുമപ്പ്, വെള്ള നിറത്തിലുള്ള തുണികൊണ്ടു മൂടികെട്ടിയ ശരീരവുമാണ് കെട്ടു കാളകള്ക്കുള്ളത്. പല വിധത്തില്‍ അലങ്കരിച്ച് മണി മാലയുമണിയിച്ചാണ് പടനിലത്ത് എത്തിക്കുന്നത് .കൈ വെള്ളയിൽ എടുക്കാവുന്നത് മുതൽ അംബരചുംബികളായ കെട്ടു കാളകളെ വരെയാണ് കെട്ടു കാള സമിതികൾ തയാറാക്കിയിട്ടുള്ളത്.
കെട്ടുൽസവ സമിതികൾ നേർച്ചയായാണ് പരബ്രഹ്മത്തിനു മുന്നിൽ കെട്ടുകാളകളെ സമർപ്പിക്കുന്നത്. ഒരു മാസത്തെ വ്രതാനുഷ്ഠാനങ്ങളോടെയാണ് കെട്ടുകാളകളെ നിർമിക്കുന്നത്. ഓരോ കാളമൂട്ടിലും പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ഭാഗവത പാരായണം, അന്നദാനം ,വിശേഷാൽ പൂജകളും വഴിപാടുകളും നടന്നു വരുകയായിരുന്നു. ഇരുപത്തിഎട്ടാം ഓണ ദിവസമായ ഇന്ന് രാവിലെയാണ് കെട്ടുരുപ്പടികളെ അതാതു കരക്കാരുടെ നേതൃത്വത്തിൽ പരബ്രഹ്മ ക്ഷേത്രത്തിൽ എത്തിക്കുക.