ഉഷ അമ്മാളിനു കാരുണ്യത്തിന്റെ തണലൊരുക്കി സന്തോഷ് കുമാർ
1596524
Friday, October 3, 2025 5:59 AM IST
പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: അടച്ചുറപ്പുള്ള ഒരു വിട് ഉഷ അമ്മാളിന്റെ സ്വപ്നമായിരുന്നു. മഞ്ഞും മഴയും വെയിലും ഏല്ക്കാതെ തലചായ്ക്കാനൊരിടം. വളർന്നു വരുന്ന രണ്ടു പെൺമക്കളെ സുരക്ഷിതമായി വളർത്താൻ ഒരു കൂര. ഇതെല്ലാമായിരുന്നു ആ അമ്മയുടെ മോഹങ്ങളിൽ നിറഞ്ഞു നിന്നിരുന്നത്.
കല്ലുവാതുക്കൽ തെറ്റിക്കുഴിയിൽ ഒരു കുടുസു മുറിയിലായിരുന്നു ഇവർ ജീവിച്ചു വന്നത്. ഭർത്താവ് ചിദംബരം ആചാരി രോഗങ്ങൾ കൊണ്ടു വീർപ്പു മുട്ടുകയാണ്. എങ്കിലും ലോട്ടറി ടിക്കറ്റ് വില്പനയ്ക്കു പോകും. അതിൽ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് രണ്ടു പെൺമക്കൾ ഉൾപ്പെടെയുള്ള നാലംഗ കുടുംബത്തിന്റെ ജീവിതം.
പൊട്ടി പൊളിഞ്ഞ മേൽക്കൂരയിൽ ടാർപാളിനും പ്ലാസ്റ്റിക് ഷീറ്റുകളും കൊണ്ടു മറക്കുമെങ്കിലും മഴ പെയ്താൽ ചോർച്ച തന്നെ. രാത്രി കാലങ്ങളിൽ ഉറങ്ങാതെ ചോർച്ചയില്ലാത്ത ഭാഗത്തു കൂനി കൂടിയിരുന്ന് ഉറക്കം നഷ്ടമാകുന്ന കുടുംബാംഗങ്ങൾ.
ഇപ്പോൾ അഞ്ചു മാസമായി ഈ കുടുംബം താമസിക്കുന്നതു സ്വപ്നങ്ങളിൽ പോലും കാണാൻ കഴിയാതിരുന്ന വീട്ടിലാണ്. രണ്ടു കിടക്കമുറികൾ. അടുക്കള, ഹാൾ , സിറ്റൗട്ട്, കിണർ,കക്കൂസ്, വൈദ്യുതി എല്ലാ വിധ സൗകര്യങ്ങളുമുള്ള വീട്. എട്ടു ലക്ഷത്തോളം രൂപ ചെലവാക്കി നിർമിച്ചവീട്. കല്ലുവാതുക്കൽ നടയ്ക്കൽ ആലുവിളആറാട്ട് കണ്ടത്തിനു സമീപം മൂന്നുസെന്റ് സ്ഥലം വിലയ്ക്ക് വാങ്ങി അതിൽ മനോഹരവും സുരക്ഷിതത്വവുമുള്ള വീട് നിർമിച്ച് ഉഷാ അമ്മാളിനു നല്കുകയായിരുന്നു ഒരു മനുഷ്യ സ്നേഹി - വി.എസ്. സന്തോഷ്കുമാർ. ശിവജ്യേതി അമ്മ വീട് എന്നാണ് ഉഷ അമ്മാൾ ഈ വീട്ടിനു പേരിട്ടിരിക്കുന്നത്.
കല്ലുവാതുക്കൽ ആസ്ഥാനമായിപ്രവർത്തിക്കുന്ന അമ്മ എന്റർപ്രൈസസ് ആന്റ് ഗോൾഡ് ലോൺസിന്റെ മാനേജിംഗ് ഡയറക്ടറാണ് വി.എസ്.സന്തോഷ് കുമാർ. തന്റെ ലാഭത്തിന്റെ 90 ശതമാനവും ചാരിറ്റി പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്ന വ്യക്തി.
ഇതിനായി ഇദ്ദേഹം ചെയർമാനായി അമ്മ ചാരിറ്റബിൾ ട്രസ്റ്റ് എന്ന സംഘടനയും പ്രവർത്തിക്കുന്നുണ്ട്. സ്വന്തം വീടിന്റെ ഗൃഹപ്രവേശനത്തിനു മുമ്പ് ഉഷ അമ്മാളിന്റെ വീടിന്റെ ഗൃഹപ്രവേശനം നടത്തണമെന്ന വാശിയുമുണ്ടായി. ഉഷ അമ്മാളിന്റെ വീടിന്റെ ഗൃഹപ്രവേശന കർമം നടത്തി തൊട്ടടുത്ത ദിവസം സന്തോഷ് കുമാർ സ്വന്തം വീടിന്റെ ഗൃഹപ്രവേശന കർമ്മവും നടത്തുകയായിരുന്നു സന്തോഷ് കുമാറിന്റെ ബാല്യ-കൗമാരകാലങ്ങൾ അത്ര സുഖകരമായിരുന്നില്ല. ഓട്ടോറിക്ഷ ഡ്രൈവറായി തുടക്കം.
പിന്നെ ഹോട്ടൽ ജീവനക്കാരനായി. സ്വന്തമായി ഒരു ഓട്ടോറിക്ഷ വാങ്ങിച്ചു. വായ്പ എടുത്ത് കസേര,മേശ, ടാർപ്പാളിൻ എന്നിവ വാടകയ്ക്ക് കൊടുക്കുന്ന സ്ഥാപനം തുടങ്ങി. കഷ്ടപ്പെട്ട് സ്വരുക്കുട്ടിയത് ഉപയോഗിച്ച് 29 വർഷം മുമ്പു ചെറിയ തോതിൽ സ്വർണപണയം എടുക്കുന്ന സ്ഥാപനം തുടങ്ങി.
ഇന്നു 14 ബ്രാഞ്ചുകളോടെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. ഭാര്യ റവന്യൂ ഉദ്യോഗസ്ഥയായ ശ്രീജസന്തോഷും മക്കളായ ശ്രീനന്ദനയും ശ്രീഹരി സന്തോഷും സന്തോഷ് കുമാറിന്റെ എല്ലാ കാരുണ്യ പ്രവർത്തനങ്ങൾക്കും ശക്തി പകർന്ന് ഒപ്പമുണ്ട്.