കേരളം വിദ്യാഭാസ - ആരോഗ്യ രംഗത്തെ ഹബ്ബായി മാറുന്നു: മന്ത്രി കെ.എൻ. ബാലഗോപാൽ
1596525
Friday, October 3, 2025 5:59 AM IST
കൊല്ലം: മികച്ച വിദ്യാഭ്യാസവും ആരോഗ്യ പരിചരണവും നൽകി കേരളം വിദ്യാഭ്യാസ -ആരോഗ്യ രംഗത്തെ ഹബ്ബായി മാറുകയാണെന്നു മന്ത്രി കെ.എൻ. ബാലഗോപാൽ. ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ അഞ്ചാമത് സ്ഥാപക ദിനാഘോഷം കുരീപ്പുഴയിലെ ഹെഡ്ക്വാർട്ടേഴ്സ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
യൂണിവേഴ്സിറ്റി ആസ്ഥാന കെട്ടിടത്തിന്റെ മാസ്റ്റർ പ്ലാനിന്റെ അനാച്ഛാദനം മന്ത്രി കെ.എൻ. ബാലഗോപാൽ സിൻഡിക്കേറ്റ് മെമ്പർ അഡ്വ.ജി. സുഗുണനു നൽകി നിർവഹിച്ചു. കുരീപ്പുഴ ശ്രീകുമാർ രചിച്ച് സംഗീത സംവിധായകൻ എം.ജയചന്ദ്രൻ ഈണം നൽകിയ സർവകലാശാല ഗീതത്തിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു.
ഗവര്‍ണര്‍ രാജേന്ദ്ര അർലേക്കർ വീഡിയോ സന്ദേശത്തിലൂടെ യൂണിവേഴ്സിറ്റിയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം സിൻഡിക്കേറ്റ് അംഗം വി.പി. പ്രശാന്ത് വായിച്ചു.
എം. മുകേഷ് എംഎല്‍എ അധ്യക്ഷനായി. ബി.ആര്. അംബേദ്കര്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ഘണ്ടാ ചക്രപാണി മുഖ്യാതിഥിയായിരുന്നു. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി നിർമിത ബുദ്ധിയുടെ സഹായത്തോടെ വികസിപ്പിച്ചെടുത്ത വെർച്വൽ അധ്യാപകൻ ‘ഡിജി ഗുരുവിനെ' ചടങ്ങിൽ പരിചയപ്പെടുത്തി.
പുതിയ അക്കാദമിക് കോഴ്സുകളായ എംബിഎ, എംസിഎ പ്രൊഫഷണല്‍ പ്രോഗ്രാമുകളുടെയും ബിഎ പബ്ലിക് അഡ്മിനിസ്ട്രേഷന്, എംഎസ് ഡബ്ല്യു, ബിഎസ് സി മള്‍ട്ടിമീഡിയ, എംഎസ് സി മാത്തമാറ്റിക്സ് തുടങ്ങിയവയുടെ പ്രഖ്യാപനവും നടത്തി. പഠനസാമഗ്രികൾ പഠിതാക്കൾക്ക് പോസ്റ്റ് വഴി അയയ്ക്കുന്നതിനുള്ള പദ്ധതിയുടെ ഉദ്ഘാടനം എം നൗഷാദ് എംഎൽഎ നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ. ഗോപന്, വൈസ് ചാന്‍സലര്‍ വി.പി.ജഗതിരാജ്, കവി കുരീപ്പുഴ ശ്രീകുമാർ, സിൻഡിക്കേറ്റ് അംഗം അഡ്വ. വി.പി. പ്രശാന്ത്,രജിസ്ട്രാർ ഡോ. എ.പി.സുനിത, സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എസ്.വി. സുധീർ, മുൻ സിൻഡിക്കേറ്റ് അംഗം ബിജു കെ.മാത്യു, കൗൺസിലർ ഗിരിജാ തുളസീധരൻ, അസിസ്റ്റന്റ് പ്രഫ. ഡോ. ജി. ഇന്ദുദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.