കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു പിടിയിലായവരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും
1596517
Friday, October 3, 2025 5:43 AM IST
അഞ്ചല്‍ : കവര്‍ച്ച കേസില്‍ പിടികൂടി പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുവരവേ പാലോട് പോലീസിന്റെ കസ്റ്റഡിയില്‍ നിന്നും രക്ഷപ്പട്ട മോഷ്ടാക്കളായ വഞ്ചിയൂര്‍ സ്വദേശി അയൂബ് ഖാന്, മകന് സെയ്തലവി എന്നിവരെ കടയ്ക്കല്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങും.
ഇതിനായി ഉടന്‍ നെടുമങ്ങാട് കോടതിയില്‍ അപേക്ഷ നല്‍കനാണ് കടയ്ക്കല്‍ പോലീസിന്റെ നീക്കം. പ്രതികളുടെ കൈയിൽ ഉണ്ടായിരുന്ന വിലങ്ങ്, ധരിച്ചിരുന്ന വസ്ത്രം, വയനാട്ടില്‍ വീണ്ടും എത്തി, ആരാണ് സഹായിച്ചത് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടതായിട്ടുണ്ട്. ഇതിനായി പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്.
പ്രതികള്‍ കൈവിലങ്ങുകളോടെ രക്ഷപ്പെട്ട സംഭവത്തില്‍ ഇപ്പൊഴും ദുരൂഹത തുടരുകയാണ്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതില്‍ ഉള്‍പ്പെടെ കടയ്ക്കല്‍ പോലീസിനും ഗുരുതര വീഴ്ച സംഭവിച്ചുവെന്ന ആരോപണം നിലനില്‍ക്കെയാണ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനുള്ള നീക്കം പോലീസ് ആരംഭിച്ചിരിക്കുന്നത്.
കടയ്ക്കല്‍ പോലീസ് സ്റ്റേഷന് പരിധിയിലെ ചുണ്ട ചെറുകുളം ഭാഗത്ത് നിന്നും ശനിയാഴ്ച പുലര്‍ച്ചെ ചാടിപ്പോയ പ്രതികള്‍ക്കായി രണ്ടു ദിവസങ്ങളിലായി വലിയ പരിശോധനയാണ് പോലീസ് നടത്തിയത്. ഇതിനിടയിലാണ് പ്രതികള്‍ വീണ്ടും വയനാട്ടില്‍ നിന്നും പിടിയിലായത്. ഇതേതുടര്‍ന്നു വയനാട്ടില്‍ എത്തിയ പാലോട് എസ്എച്ച്ഒ ജെ.എസ്. അശ്വനി, സിവില്‍ പോലീസ് ഓഫീസര്‍മാരായ നിസാം, ജയിസണ്‍, ശ്രീരാജ്, സുധീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീണ്ടും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ 11ഓടെയാണ് പ്രതികളുമായി പോലീസ് പാലോട് സ്റ്റേഷനില്‍ എത്തിയത്.
വൈദ്യ പരിശോധന പൂര്‍ത്തിയാക്കിയ പ്രതികളെ ചോദ്യം ചെയ്യലിന് ശേഷം കവര്‍ച്ച നടത്തിയ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. പിന്നീട് നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. നിലവില്‍ കവര്‍ച്ച കേസ് മാത്രമാണു പാലോട് പോലീസ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ സംഭവത്തില്‍ കടയ്ക്കല്‍ പോലീസാണ് കേസെടുത്തിട്ടുള്ളത്. ഇതിനിടയില്‍ പ്രതികള്‍ മുമ്പ് കവര്‍ച്ച നടത്തിയ ഭാഗങ്ങളിലെ തുടര്‍ അന്വേഷണത്തിനായി ചിതറ, കിളിമാനൂര്‍ പോലീസും പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ നീക്കം ആരംഭിച്ചിട്ടുണ്ട്.