117 ലിറ്റർ മദ്യവുമായി ഒരാൾ അറസ്റ്റിൽ
1596531
Friday, October 3, 2025 5:59 AM IST
കൊല്ലം: നഗരത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ 117 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി ഒരാളെ അറസ്റ്റ് ചെയ്തു. പട്ടത്താനം ഓറിയന്റ് നഗർ 33 -ജി ആശാൻ പറമ്പിൽ വീട്ടിൽ ഡാനി ജേക്കബ് (51)ആണ് പിടിയിലായത്. ഗോവയിൽ നിന്നു വാങ്ങി കൊല്ലത്ത് വിൽപ്പനയ്ക്ക് കൊണ്ടുവന്ന 750 മില്ലി ലിറ്റർ അളവിലുള്ള 118 കുപ്പി മദ്യവും പിടിച്ചെടുത്തതിൽ ഉൾപ്പെടുന്നു. ഇതു ഗോവയിൽ മാത്രം വിൽപനയ്ക്ക് അനുമതിയുള്ളതാണ്.
കൂടാതെ ബിവറേജസ് കോർപ്പറേഷൻ വഴി വിതരണം ചെയ്യുന്ന 500 മില്ലി ലിറ്റർ അളവിലുള്ള വിവിധ പേരുകളിലെ 51 കുപ്പി മദ്യവും ഒരു ലിറ്ററിന്റെ മൂന്ന് കുപ്പി മദ്യവുമാണ് പിടിച്ചെടുത്തത്.
ഡ്രൈ ഡേയിൽ വിൽക്കുന്നതിനായി ഇയാൾ നേരത്തേ തന്നെ മദ്യം ശേഖരിച്ച് വച്ചിരിക്കയായിരുന്നു.
ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഗോവയിൽ നിന്നു കൊല്ലത്ത് സ്ഥിരമായി മദ്യം എത്തിക്കുന്നയാളെ കുറിച്ചു വ്യക്തമായ സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്. കൊല്ലം ഈസ്റ്റ് സിഐ അനിൽ കുമാർ, ജൂനിയർ എസ്ഐ ആശ്നി, സിപിഒമാരായ അജയകുമാർ, രാഹുൽ, അഖിൽ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.