തോട്ടിൽ കക്കൂസ് മാലിന്യം ഒഴുക്കി
1596532
Friday, October 3, 2025 5:59 AM IST
ചാത്തന്നൂർ: ചാത്തന്നൂർ പഞ്ചായത്തിന്റെ ജീവവാഹിനിയായി ഒഴുകുന്ന തോട്ടിൽ കക്കൂസ് മാലിന്യം ഒഴുക്കി. ഏറം ലക്ഷംവീട് കോളനിക്ക് താഴ്ഭാഗത്തുള്ള തോട്ടിലാണ് കഴിഞ്ഞദിവസം അർധരാത്രിക്ക് ശേഷം മാലിന്യം ഒഴുക്കിയത്.
കാരംകോട് തലച്ചിറ നിന്നുത്ഭവിച്ച് ഒമ്പത് കിലോമീറ്റർ അകലെ പോളച്ചിറ ഏലായിൽ ഒഴുകി എത്തുന്ന ചാത്തന്നൂർ തോട് ജനങ്ങളുടെ പ്രധാന ആശ്രയമാണ്. കുളിക്കാനും തുണി അലക്കാനും കന്നുകാലികളെ കുളിപ്പിക്കാനും വാഹനങ്ങൾ കഴുകാനുമൊക്കെ ആശ്രയിക്കുന്നത് ചാത്തന്നൂർ തോടിനെയാണ് . ഇതിനായി നൂറിലേറെ കടവുകളും തോട്ടിലുണ്ട്.
നെൽകൃഷിക്കും ഏലകളിലെ മറ്റ് കൃഷികൾക്കും ചാത്തന്നൂർ തോട്ടിലെ ജലമാണ് ഉപയോഗിക്കുന്നത്. ശ്രീഭൂതനാഥക്ഷേത്രം മുതൽ പോളച്ചിറ വരെയുള്ള ഏലാകളിലെ കൃഷി ഈ തോട്ടിലെ വെള്ളത്തെ ആശ്രയിച്ചാണ്. വലിയ മത്സ്യസമ്പത്തിന്റെ ആവാസകേന്ദ്രവുമാണ്.
ബുധനാഴ്ച രാവിലെയാണ് നാട്ടുകാർ തോട്ടിലെ കക്കൂസ് മാലിനും കണ്ടെത്തിയത്. ഉടൻ തന്നെ ജനപ്രതിനിധികളെയും പോലീസിനെയും വിവരമറിയിച്ചു. പോലീസ് സമീപ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും മാലിന്യം ഉപേക്ഷിച്ച വാഹനത്തെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചില്ല.
ജെസിബി എത്തിച്ച് ഒഴുകിപോകാതെ കിടന്ന മാലിന്യങ്ങൾ കോരി മാറ്റി കുഴിച്ചിട്ടു. ചാത്തന്നൂർ തോടിനെ ആശ്രയിക്കുന്നവർ കരുതലെടുക്കുന്നത് നല്ലതാണെന്ന് സിവിൽ സ്റ്റേഷൻ വാർഡ് അംഗം ആർ. സന്തോഷ് മുന്നറിയിപ്പു നൽകി.