മയക്കുമരുന്ന് കേസുകളിലെ പ്രതിയെ കരുതൽ തടങ്കലിലാക്കി
1596519
Friday, October 3, 2025 5:43 AM IST
കൊല്ലം: നിരവധി മയക്കുമരുന്നു കേസുകളിൽ പ്രതിയായ വ്യക്തിയെ എക്സൈസ് ഉദ്യോഗസ്ഥർ കരുതൽ തടങ്കലിലാക്കി. കൊറ്റങ്കര മാമൂട് വയലിൽ പുത്തൻ വീട്ടിൽ സുനിലിനെയാണ് കരുതൽ തടങ്കലിലാക്കിയത്. ജില്ലയിൽ എക്സൈസ് നടപ്പിലാക്കുന്ന ആദ്യത്തെ കരുതൽ തടങ്കലാണിത്.
കൊല്ലം എക്സൈസ് റേഞ്ച് ഓഫീസ്, കൊല്ലം എക്സൈസ് സർക്കിൾ ഓഫീസ്, തെന്മല, കുണ്ടറ പോലീസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ് സുനിൽ. ഏറ്റവും അവസാനമായി പിടിക്കപ്പെട്ടത് അഞ്ചൽ എക്സൈസ് റേഞ്ചിൽ രജിസ്റ്റർ ചെയ്ത കേസിലാണ്.
ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ മേയ് 27 നു സംസ്ഥാന എക്സൈസ് കമ്മീഷണറുടെ പ്രത്യേക സ്ക്വാഡ് ഇയാളിൽ നിന്ന് 13.24 കിലോഗ്രാം കണ്ടെത്തിയതായിരുന്നു പ്രസ്തുത കേസ്. തെന്മല പോലീസ് കഞ്ചാവ് കേസിൽ പിടികൂടിയ ശേഷം ജാമ്യത്തിൽ കഴിയവേയാണ് സുനിൽ ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ പിടിക്കപ്പെടുന്നത്.
ഈ കേസിൽ തിരുവനന്തപുരം പൂജപ്പുര സ്പെഷൽ സബ് ജയിലിൽ കഴിഞ്ഞു വരവെയാണ് കരുതൽ തടങ്കൽ ഉത്തരവ് നടപ്പിലാക്കിയത്. അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വാനന്ത് സിൻഹയാണ് കരുതൽ തടങ്കൽ ഉത്തരവ് ഇറക്കിയത്.
ഇതിൻപ്രകാരം കൊല്ലം ആറാം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് ഹരിപ്രിയ പി. നമ്പ്യാർ അറസ്റ്റ് ഉത്തരവ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളെ പൂജപ്പുര സ്പെഷൽ സബ് ജയിലിൽ എത്തി എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പ്രതിയെ പിന്നീട് കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനായി പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.