പാടശേഖരങ്ങളില വെള്ളം വറ്റിക്കണമെന്ന് ആവശ്യം; സർക്കാർ ഇടപെടണമെന്നു നാട്ടുകാർ
1588489
Monday, September 1, 2025 11:16 PM IST
ചമ്പക്കുളം: കുട്ടനാട്ടിലെ വെള്ളക്കെട്ട് മാറ്റാൻ പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കുകയെന്നതാണ് അത്യാവശ്യം. ഇത് ആരു വറ്റിക്കുമെന്നതാണ് ചോദ്യം. വെള്ളം വറ്റിക്കാത്തതു കാരണം പാടശേഖരങ്ങളുടെ അകത്തുള്ള തുരുത്തുകളിലും ബണ്ടുകളിലും താമസിക്കുന്നവരുടെ ജീവിതം ദുരിതപൂർണമാണ്. വെള്ളം കെട്ടിക്കിടന്ന് പാടശേഖരങ്ങളിലൂടെ കടന്നുപോകുന്ന റോഡുകളും നശിക്കും.
ജീവിതം പ്രതിസന്ധിയിൽ
മഴ മാറിനിന്നാലും വെള്ളത്തിന്റെ വരവ് കുറഞ്ഞാലും പാടശേഖരങ്ങളിൽ ഒഴുകിയെത്തിയ വെള്ളം പെട്ടെന്ന് ഒഴിഞ്ഞുപോകില്ല എന്നതാണ് അനുഭവം.
വെള്ളത്തിന് ഒഴുകിപ്പോകാനുള്ള മാർഗങ്ങളില്ല എന്നതാണ് പ്രശ്നം. ഇതു നിത്യജീവിതത്തെ മാത്രമല്ല, വിദ്യാഭ്യാസരംഗത്തെപ്പോലും പ്രതിസന്ധിയിലാക്കുന്നു. വെള്ളക്കെട്ട് മൂലം പല സ്കൂളുകളും പ്രവർത്തിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഈ വിദ്യാഭ്യാസ വർഷത്തിൽത്തന്നെ 20ൽ അധികം അധ്യയന ദിവസങ്ങൾ കുട്ടനാട്ടിലെ കുട്ടികൾക്കു നഷ്ടമായി. കുട്ടനാട്ടിലെ ഒരു സ്കൂളിനു സമീപത്തെ വെള്ളക്കെട്ടിന്റെ കാര്യത്തിൽ ഹൈക്കോടതി നേരത്തെ ഇടപെട്ടിരുന്നു.
കുട്ടനാട്ടിലെ കൃഷിയിടങ്ങളിൽ സമുദ്രനിരപ്പിനേക്കാൾ ഒൻപത് അടിവരെ താഴ്ന്ന പ്രദേശങ്ങളുണ്ട്. അവിടെയാണ് വെള്ളം വറ്റിച്ചു നെൽകൃഷി നടത്തുന്നത്. സമയാസമയങ്ങളിൽ വെള്ളം വറ്റിക്കുക എന്നതു കർഷകർക്കു ഭഗീരഥ പ്രയത്നമാണ്. പല പാടശേഖരങ്ങളിലും ഒരു കൃഷി മാത്രമാണ്. ചിലേടങ്ങളിൽ രണ്ടും. കൃഷിസമയം കഴിഞ്ഞാൽ സമീപത്തെ നദികളിലെയും തോടുകളിലെയും ജലനിരപ്പായിരിക്കും മിക്ക പാടശേഖരങ്ങളിലും.
തുക കൂട്ടണം
പാടശേഖരത്തിന്റെ പുറംബണ്ട് സംരക്ഷണത്തിനും മറ്റുമായി പലേടത്തും ഏക്കർ ഒന്നിന് 3,000 രൂപയിൽ കൂടുതൽ ചെലവഴിക്കേണ്ടി വരുന്ന കർഷകർ തന്നെ വെള്ളം വറ്റിക്കലിന്റെയും ചുമതല വഹിക്കേണ്ടി വരുന്നത് ഇരട്ടി ഭാരമാണ്. വെള്ളം വറ്റിക്കലിന്റെ തുക പൂർണമായും സർക്കാർ നൽകണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്.
ഇപ്പോൾ വെള്ളം വറ്റിക്കലിനു നൽകുന്ന തുകയുടെ വ്യവസ്ഥ പരിഷ്കരിക്കണമെന്നും ആവശ്യമുണ്ട്.
ഒരു പാടശേഖരത്തിൽ കൃഷി ചെയ്യുന്നതിനേക്കാൾ കൂടുതൽ വിസ്തൃതി പുരയിടപ്രദേശങ്ങൾക്ക് ഉണ്ടാകും. എന്നാൽ, കൃഷിയിടത്തിന്റെ വിസ്തൃതിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് സർക്കാർ തുക നൽകുന്നത്.
സർക്കാർ ചെയ്യേണ്ടത്
കൃഷിവകുപ്പും പമ്പിംഗ് ലേലം നടത്തുന്ന റവന്യുവകുപ്പും സംയുക്തമായി ഇടപെടൽ പരിഹാരം കണ്ടെത്താമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
പമ്പിംഗ് ലേലം നടത്തുന്ന കാലാവധി ഒരു കൃഷി എന്നതിനു പകരം രണ്ട് കൃഷി ഉൾപ്പെടുന്ന ഒരു വർഷം എന്നാക്കണം. പമ്പിംഗ് സബ്സിഡി തുക കൂട്ടണം.
എല്ലാ പാടശേഖരങ്ങൾക്കും സ്ഥിരം വൈദ്യുതി കണക്ഷൻ നൽകണം.
ഒരു കൃഷി മാത്രം ചെയ്യുന്ന പാടങ്ങളിലും കൃഷിക്കു ശേഷം വെള്ളം വറ്റിക്കാൻ തുക അനുവദിക്കണം.
പാടശേഖരത്തിന്റെ ആകെ ഭൂവിസ്തൃതി കണക്കാക്കി ആനുകൂല്യം നൽകണം.
കൃഷി ഇല്ലാത്ത കാലത്തെ പമ്പിംഗും ലേല വ്യവസ്ഥയിൽ ഉൾപ്പെടുത്തണം.
പെട്ടിക്കും പറയ്ക്കും പകരം കൂടുതൽ ശക്തിയുള്ള ജെറ്റ്പമ്പുകൾ പ്രോത്സാഹിപ്പിക്കണം.
പാടശേഖരത്തിന്റെ പുറംബണ്ടുകൾ ബലപ്പെടുത്തി ഉയർത്തണം.
നിയന്ത്രിത പമ്പിംഗ് സംബന്ധിച്ച കാര്യങ്ങളിൽ ഒരു പ്രാദേശികസമിതിയുടെ മേൽനോട്ടം ഉണ്ടാകണം. സമിതി വേണം വെള്ളപ്പൊക്ക കാലത്തെ നിയന്ത്രിത പമ്പിംഗ് അവലോകനം നടത്തേണ്ടത്.
ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വാർഷിക പദ്ധതി വിഹിതത്തിൽ ഇതിനു തുക വകയിരുത്തണം.
പാടശേഖര സമിതികൾ
നട്ടം തിരിയുന്നു
പുറംബണ്ടുകൾ ഒരുപരിധി വരെ ഉയർന്നതും ബലമുള്ളതുമായ പ്രദേശങ്ങളിൽ വെള്ളം പാടശേഖരങ്ങളിലേക്കു കയറില്ലെങ്കിലും വെള്ളപ്പൊക്കമുണ്ടായാൽ കയറും. ഇങ്ങനെ കയറുന്ന വെള്ളം പിന്നെ ഒഴുകിപ്പോകില്ല. ഇതു മോട്ടോർ ഉപയോഗിച്ചു വറ്റിക്കുകയാണ് പരിഹാരം. റവന്യു വകുപ്പിനു കീഴിലുള്ള പുഞ്ച സ്പെഷൽ ഓഫിസറാണ് പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കാൻ നിശ്ചിത തുകയ്ക്ക് ഓരോ പാടശേഖരവും കൃഷിക്കായി ലേലം ചെയ്തു നല്കുന്നത്. അതിനാൽ ഒാരോ കർഷകനും കൈയിൽനിന്ന് രണ്ടായിരത്തിലേറെ രൂപകൂടി ചെലവഴിച്ചാണ് പലേടത്തും വെള്ളം വറ്റിക്കൽ നടത്തുന്നത്. പുഞ്ചകൃഷി ആയാലും രണ്ടാം കൃഷി ആയാലും ആറു മാസത്തേക്കാണ് പാടം ലേലം ചെയ്തു നല്കുന്നത്.
കാലാവധി കഴിഞ്ഞാൽ കരാർ എടുത്തിരുന്ന ആൾ മോട്ടോറും മറ്റ് സാമഗ്രികളും എടുത്തുമാറ്റും. വൈദ്യുതി വകുപ്പ് വൈദ്യുതിയും വിച്ഛേദിക്കും. ഒരു കൃഷി മാത്രം ചെയ്യുന്ന പാടശേഖരങ്ങളിൽ പിന്നീടുള്ള ആറുമാസം വെള്ളം വറ്റിക്കാൻ മോട്ടോർ ഉണ്ടാവില്ല. ചിലേടങ്ങളിൽ, നാട്ടുകാരുടെ നിർബന്ധത്തെത്തുടർന്നു മോട്ടോർ തുടർന്നു പ്രവർത്തിപ്പിച്ച് നിയന്ത്രിത അളവിൽ വെള്ളം വറ്റിക്കാറുണ്ട്. മോട്ടോർ വാടക, ഡ്രൈവർ ശമ്പളം, വൈദ്യുതി ചാർജ്, മറ്റ് അറ്റകുറ്റപ്പണികൾ എല്ലാംതന്നെ പാടശേഖര സമിതികളാണ് വഹിക്കുന്നത്. കൃഷിയുടെ കാലം അല്ലാതിരുന്നിട്ടും ലക്ഷങ്ങൾ ചെലവഴിക്കേണ്ടി വരുന്ന പ്രതിസന്ധിയിലാണ് കർഷകരും പാടശേഖരസമിതിയും.