ആനപ്രമ്പാല്‍ ജലോത്സവം: നെപ്പോളിയന് ജേതാവ്
1588764
Tuesday, September 2, 2025 11:23 PM IST
എടത്വ: കുട്ടനാട് സാംസ്കാരിക വേദിയുടെ നേതൃത്വത്തില്‍ നടന്ന ആറാമത് ശ്രീനാരായണ എവറോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള ആനപ്രമ്പാല്‍ ജലോത്സവത്തില്‍ നെപ്പോളിയന് ജേതാവ്. വെപ്പ് എ ഗ്രേഡ് വിഭാഗത്തില്‍ എര്വിന് ഷിക്കു ക്യാപ്റ്റനായ ടീം നെപ്പോളിയന് തുഴഞ്ഞ നെപ്പോളിയന് വള്ളവും കൊച്ചമ്മനം നിറവ് ബോട്ട് ക്ലബ് തുഴഞ്ഞ അശ്വിന് റെജി, മീനു റെജി തട്ടങ്ങാട്ട് ക്യാപ്റ്റനായ ഷോട്ട് പുളിക്കത്തറ വള്ളവുമാണ് ഫൈനല്‍ മത്സരത്തില്‍ പങ്കെടുത്തത്. ഇരുവള്ളങ്ങളും നേരിയ വ്യത്യാസത്തിലാണ് ഫിനിഷിംഗ് പോയിന്റ് മറികടന്നത്.
ആദ്യം നെപ്പോളിയന് വള്ളം വിജയിച്ചതായി സംഘാടകര്‍ പ്രഖ്യാപിച്ചെങ്കിലും ഷോട്ട് പുള്ളിക്കത്തറ വള്ളത്തില്‍ തുഴഞ്ഞ ക്ലബ്ബ് പ്രതിഷേധവുമായി രംഗത്തുവന്നു. ഇതോടെ വിജയികളുടെ പ്രഖ്യാപനം തത്കാലം മാറ്റിവച്ചിരുന്നു. ഫിനിഷിംഗ് പോയിന്റില്‍ സ്ഥാപിച്ച കാമറ പരിശോധിച്ചാണ് അന്തിമ ഫലപ്രഖ്യാപനം നടത്തിയത്.
വെപ്പ് ബി ഗ്രേഡ് വിഭാഗത്തില്‍ കൊണ്ടാക്കല്‍ ബോട്ട് ക്ലബ് തുഴഞ്ഞ സാം കക്കുഴി ക്യാപ്റ്റനായ പി.ജി. കരിപുഴ ജേതാവായി. കൊച്ചമ്മനം-നിറവ് ക്ലബ് തുഴഞ്ഞ രഞ്ജു വര്‍ഗീസ് ക്യാപ്റ്റനായുള്ള ചിറമേല്‍ തോട്ടുകടവന്‍ രണ്ടാം സ്ഥാനവും നേടി. ഓടി വിഭാഗത്തില്‍ ബ്രദേഴ്സ് പായിപ്പാട് തുഴഞ്ഞ സജിന്‍ തോമസ് ക്യാപ്റ്റനായ ഡാനിയേല്‍ ജേതാവായി.
സൗഹൃദ ബോട്ട് ക്ലബ് തുഴഞ്ഞ ഷെമിന്‍ പള്ളാത്തുരുത്തി ക്യാപ്റ്റനായുള്ള കുറുപ്പ്പറമ്പന്‍ രണ്ടാം സ്ഥാനം നേടി. ജലോത്സവ പൊതു സമ്മേളനം ആര്‍സി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് റെജി ചെറിയാന് ഉദ്ഘാടനം നിര്‍വഹിച്ചു. ജലോത്സവ സമിതി ചെയര്മാന് ബിജു പറമ്പുങ്കല്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് ബിനു ഐസക് രാജു ജലോത്സവ ഉദ്ഘാടനവും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എസ്. അശോക് കുമാര്‍ സമ്മാനദാനവും നിര്‍വഹിച്ചു. ബ്രഹ്മശ്രീ ആനന്ദ് പട്ടമന, ബിഷപ് തോമസ് കെ. ഉമ്മന്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായര്‍, ജലോത്സവ സമിതി ഭാരവാഹികളായ സുനില്‍ മൂലയില്‍, അരുണ്‍ പുന്നശേരില്‍, ഷാജി കറുകത്ര, പീയൂഷ് പി. പ്രസന്നന്, മനോഹരന് വെറ്റിലക്കണ്ടം, സണ്ണി അനുപമ, ജിനു ശാസ്താംപറമ്പ്, തോമസുകുട്ടി ചാലുങ്കല്‍, എം.ജി. കൊച്ചുമോന്, കെ.വി. മോഹനന് എന്നിവര്‍ പ്രസംഗിച്ചു.