സുധാകരനെ മാറ്റിനിർത്തി ആക്ഷേപിക്കുന്നത് സിപിഎമ്മിന്റെ സങ്കുചിത ചിന്താഗതി: അടൂർ പ്രകാശ്
1588492
Monday, September 1, 2025 11:16 PM IST
കായംകുളം: പി. കൃഷ്ണപിള്ള ചരമവാർഷികത്തിൽനിന്ന് ജി. സുധാകരനെ മാറ്റിനിർത്തി ആക്ഷേപിച്ചത് സിപിഎമ്മിന്റെ സങ്കുചിത ചിന്താഗതിയാണെന്നും കായംകുളത്തെ സിപിഎം അക്രമത്തിനെതിരേ പ്രസംഗിക്കാൻ തന്നേക്കാൾ അനുയോജ്യൻ മുൻ മന്ത്രി ജി. സുധാകരൻ തന്നെയാണെന്നും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി. ഡിസിസി ജനറൽ സെക്രട്ടറിയും നഗരസഭ അംഗവുമായ കെ. പുഷ്പദാസിനെ സിപിഎം ആക്രമിച്ചതിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾ നടത്തിയ പ്രതിഷേധ സമ്മേളനം കായംകുളം പാർക്ക് മൈതാനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിപിഎം പറയുന്നതുകേട്ട് പ്രവർത്തിക്കുന്നവരായി പോലീസ് മാറിയെന്നും ഇത്തരം അക്രമങ്ങൾ തുടർച്ചയായി നടക്കുന്നത് അതിന്റെ ഭാഗമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സൗത്ത് ബ്ലോക്ക് പ്രസിഡന്റ് ചിറപ്പുറത്ത് മുരളി അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ബി. ബാബു പ്രസാദ്, കെപിസിസി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ, കെപിസിസി സെക്രട്ടറിമാരായ ഇ. സമീർ, എൻ. രവി, എ. ത്രിവിക്രമൻതമ്പി, കറ്റാനം ഷാജി, ടി. സൈനു ലാബ്ദീൻ, യു. മുഹമ്മദ്, എ.ജെ. ഷാജഹാൻ എന്നിവർ പ്രസംഗിച്ചു.